ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടന, താലിബാന്റെ പ്രതിനിധിക്ക് ഇന്ത്യ നൽകിയ സ്വീകരണം കണ്ട് നാണംകെട്ട് തലതാഴ്ത്തുന്നു- രോഷം പ്രകടിപ്പിച്ച് ജാവേദ് അക്തര്‍

ന്യൂഡൽഹി : താലിബാന്‍ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനത്തെയും അദ്ദേഹത്തിന് ഇന്ത്യ നൽകിയ സ്വീകരണത്തെയും രൂക്ഷമായി വിമർശിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തും കവിയുമായ ജാവേദ് അക്തര്‍. താലിബാനെ ‘ഏറ്റവും മോശം ഭീകര സംഘടന’ എന്ന് അക്തര്‍ വിശേഷിപ്പിക്കുകയും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അതിന്റെ പ്രതിനിധിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

‘ലോകത്തിലെ ഏറ്റവും മോശം ഭീകര സംഘടനയായ താലിബാന്റെ പ്രതിനിധിക്ക് ഇന്ത്യ നല്‍കിയ ആദരവും സ്വീകരണവും കാണുമ്പോള്‍ ഞാന്‍ ലജ്ജ കൊണ്ട് തല കുനിക്കുന്നു. ‘പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും നിരോധിച്ചവരില്‍ ഒരാളായ അവരുടെ ‘ഇസ്ലാമിക് ഹീറോ’ക്ക് ഇത്രയും ആദരപൂര്‍വ്വം സ്വീകരണം നല്‍കിയതിന് നാണക്കേട് തോന്നുന്നു. എന്റെ ഇന്ത്യന്‍ സഹോദരീ സഹോദരന്മാരേ! നമുക്ക് എന്താണ് സംഭവിക്കുന്നത്,’ – അക്തര്‍ എക്സില്‍ എഴുതി.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലയിലെ ദാറുല്‍ ഉലൂം ദിയോബന്ദ് ഇസ്ലാമിക് സെമിനാരി സന്ദര്‍ശിച്ചപ്പോള്‍ മുത്തഖിക്ക് ലഭിച്ച ‘ആദരവ് കലർന്ന സ്വീകരണത്തെയും അദ്ദേഹം വിമര്‍ശിച്ചു. ശനിയാഴ്ച ദിയോബന്ദ് സെമിനാരിയില്‍ ആമിര്‍ ഖാന്‍ മുത്തഖിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. താലിബാന്‍ നേതാവിനെ സ്വീകരിക്കാന്‍ 15 പ്രമുഖ ഉലമകളായിരുന്നു (ഇസ്ലാമിക് പണ്ഡിതര്‍) തയ്യാറായത്. കൂടാതെ, അദ്ദേഹത്തിന്റെ സന്ദര്‍ശന ദിവസം പ്രദേശത്തുടനീളം കര്‍ശന സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അഫ്ഗാനിസ്ഥാന്‍ നേതാവ് പ്രവേശിക്കുമ്പോള്‍ പുഷ്പ വൃഷ്ടി നടത്തുകയും നിരവധി വിദ്യാര്‍ത്ഥികള്‍ സെല്‍ഫിയെടുക്കാന്‍ ഒത്തുകൂടുകയും ചെയ്തത് വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.

2021-ല്‍ അധികാരമേറ്റതിനുശേഷം ഇന്ത്യയും താലിബാന്‍ ഭരണകൂടവും തമ്മിലുള്ള ആദ്യത്തെ ഉന്നതതല നയതന്ത്ര ഇടപെടലിന്റെ ഭാഗമായാണ് മുത്തഖിയുടെ ഇന്ത്യാ സന്ദർശനം. മാധ്യമ സമ്മേളനത്തിൽ വനിതാ മാധ്യമ പ്രവർത്തകരെ വിലക്കിയ സംഭവം വലിയ വിവാദത്തിലേക്ക് നയിച്ചതോടെ അഫ്ഗാൻ സംഘം തീരുമാനം മാറ്റിയിരുന്നു.

More Stories from this section

family-dental
witywide