
ഫ്‌ളോറിഡ: ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ കാമുകിയായിരുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനെ ഫ്‌ളോറിഡയിലെ ഒരു ജയിലില്‍ നിന്ന് ടെക്‌സസിലെ ജയിലിലേക്ക് മാറ്റിയെന്ന് ബ്യൂറോ ഓഫ് പ്രിസണ്‍സ് വെള്ളിയാഴ്ച അറിയിച്ചു. എപ്സ്റ്റീന്‍ കേസിലെ ഇരകളില്‍ ചിലരില്‍ ഈ നീക്കം രോഷം ജനിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ‘കുറ്റവാളികളായ ലൈംഗിക കടത്തുകാരിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിന് ലഭിച്ച മുന്‍ഗണനാ പരിഗണനയെ ഞങ്ങള്‍ ഭയത്തോടെയും രോഷത്തോടെയും എതിര്‍ക്കുന്നു,’ എപ്സ്റ്റീനും മാക്‌സ്വെല്ലും തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വെളിപ്പെടുത്തിയ രണ്ട് സ്ത്രീകള്‍ രോഷം പ്രകടിപ്പിച്ച് എത്തി. ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പലതവണ ശാരീരികമായി ആക്രമിച്ച ഒരു ലൈംഗിക വേട്ടക്കാരിയാണ്, അവരോട് ഒരിക്കലും ഒരു ദാക്ഷിണ്യവും കാണിക്കരുത്,’ അവര്‍ പറഞ്ഞു.
മാക്‌സ്വെല്ലിന്റെ സ്ഥലം മാറ്റത്തിന് നിലവില്‍ വ്യക്തമായ ഒരു കാരണവും അധികൃതര്‍ നല്‍കിയിട്ടില്ല. ടെക്‌സസിലെ ബ്രയാനിലെ ഫെഡറല്‍ ബ്യൂറോ ഓഫ് പ്രിസണ്‍സിന്റെ കസ്റ്റഡിയിലാണ് ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ എന്നാണ് ബ്യൂറോ ഓഫ് പ്രിസണ്‍സ് വക്താവ് സ്ഥിരീകരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കാന്‍ കടത്തിയ കേസില്‍ വിചാരണ കാത്തിരിക്കുന്നതിനിടെ മരിച്ച എപ്സ്റ്റീനെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നത നീതിന്യായ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം ഇവരെ ജയിലിലെത്തി കണ്ടിരുന്നു. അതിനു പിന്നാലെയാണ് ജയില്‍മാറ്റം.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ പേഴ്സണല്‍ അഭിഭാഷകനായ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച്, കഴിഞ്ഞയാഴ്ച ഫ്‌ളോറിഡയിലെ ഒരു കോടതിയില്‍ മാക്‌സ്വെല്ലുമായി രണ്ട് ദിവസത്തെ സംഭാഷണം നടത്തിയിരുന്നു. ഒരു കുറ്റവാളിയും ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനും തമ്മിലുള്ള അസാധാരണമായ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരുവരും എന്താണ് ചര്‍ച്ച ചെയ്തതെന്ന് പറയാന്‍ ബ്ലാഞ്ച് ഇതുവരെ തയ്യാറായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ടോഡ് ബ്ലാഞ്ചെ മാക്‌സ്വെലിനെ സന്ദര്‍ശിക്കുന്നത്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ കേസിലെ അന്വേഷണങ്ങളുമായി സഹകരിച്ചാല്‍ ഗിസ്ലെയ്ന്‍ മാക്‌സ്വെലിന് മാപ്പ് നല്‍കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഗിസ്ലെയ്ന്‍ മാക്‌സ്വെലിന് മാപ്പ് നല്‍കാന്‍ എനിക്ക് അനുവാദമുണ്ടെന്ന് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് പറഞ്ഞത്.
ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക കടത്ത് ശൃംഖലയിലെ പങ്ക് തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗിസ്ലെയ്ന്‍ മാക്‌സ്വെല്‍ ഇപ്പോള്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയിലാണ്.














