
തുർക്കിയിലെ ഇസ്തംബുൾ നഗരത്തിൽ സന്ദർശനം നടത്തവെ, യുഎസ് പോപ്പ് സംഗീതത്തിലെ ഇതിഹാസ താരവും ഹോളിവുഡ് താരവുമായ ജെന്നിഫർ ലോപ്പസിന് ആഡംബര സാധനങ്ങൾ വാങ്ങാൻ ഇസ്റ്റിൻയേ പാർക്ക് മാളിലെ ഒരു ലക്ഷ്വറി സ്റ്റോറിൽ പ്രവേശനം നിഷേധിച്ചു. സ്റ്റോറിൽ അപ്പോൾ തിരക്ക് അനുഭവപ്പെട്ടിരുന്നു, കവാടത്തിൽ നിന്ന സെക്യൂരിറ്റി ജീവനക്കാർക്ക് ജെന്നിഫറിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തൽക്കാലം പ്രവേശനം സാധ്യമല്ലെന്ന് അവർ അറിയിക്കുകയായിരുന്നു.
എന്നാൽ, ഈ സംഭവത്തെ ജെന്നിഫർ ലോപ്പസ് സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ സ്വീകരിച്ചു. ചിരിയോടെ മറ്റൊരു സ്റ്റോറിലേക്ക് അവർ നീങ്ങി. അതിനിടെ, ആദ്യ സ്റ്റോറിലെ മറ്റു ജീവനക്കാർക്ക് തെറ്റ് മനസ്സിലായി. അവർ ക്ഷമാപണത്തോടെ ജെന്നിഫറിനെ തിരികെ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു. ഈ സംഭവം 1990 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പ്രെറ്റി വുമൺലെ ഒരു രംഗത്തെ ഓർമിപ്പിക്കുന്നു. ആ ചിത്രത്തിൽ ജൂലിയ റോബർട്‌സ് അവതരിപ്പിച്ച വിവിയൻ എന്ന കഥാപാത്രത്തിന് ഒരു ലക്ഷ്വറി സ്റ്റോറിൽ പ്രവേശനം നിഷേധിക്കപ്പെടുന്നുണ്ട്.
ജെന്നിഫറിന്റെ ഈ അനുഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ആഡംബര സ്റ്റോറുകളിലെ പ്രവേശന നയങ്ങളെക്കുറിച്ചും സെലിബ്രിറ്റികൾക്ക് പോലും നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെക്കുറിച്ചും ഈ സംഭവം ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.