ന്യൂയോർക്ക്: ‘യേശു പലസ്തീൻകാരനോ?’ എന്ന ചോദ്യവാചകവുമായി ക്രിസ്മസ് സീസണിൽ ന്യൂയോർക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറിൽ പ്രത്യക്ഷപ്പെട്ട ഡിജിറ്റൽ ബിൽബോർഡ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഉൾപ്പെടെ നിരവധിപേരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സന്ദേശം, മതം–തിരിച്ചറിവ്–രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ ശക്തമായ ചർച്ചകൾക്ക് വഴിതെളിച്ചു. പച്ച പശ്ചാത്തലത്തിൽ കറുത്ത വലിയ അക്ഷരങ്ങളിലായിരുന്നു “JESUS IS PALESTINIAN” എന്ന വാചകം. അതിനോടൊപ്പം മറ്റൊരു പാനലിൽ “MERRY CHRISTMAS” എന്ന സന്ദേശവും പ്രദർശിപ്പിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് ടൈംസ് സ്‌ക്വയറിൽ അനുഭവപ്പെടുന്ന വലിയ ജനത്തിരക്കാണ് ബിൽബോർഡിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. ബിൽബോർഡിനെതിരെ നിരവധി പേർ രംഗത്തെത്തി. ചില വിനോദസഞ്ചാരികൾ സന്ദേശം വിഭജനപരമാണെന്നും ക്രിസ്മസ് കാലത്ത് ഇത് ആക്ഷേപകരമാണെന്നും അഭിപ്രായപ്പെട്ടു. ‘യേശു എല്ലാവർക്കുമുള്ളതാണ്, ഒരു പ്രത്യേക ലേബൽ ചാർത്തേണ്ടതില്ല’ എന്നാണ് ചിലരുടെ പ്രതികരണം. ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമയമോശമാണെന്നും വിമർശനമുയർന്നു.
അതേസമയം, ബിൽബോർഡിനെ പിന്തുണച്ചവരും ഉണ്ടായിരുന്നു. ഇത് സംവാദത്തിന് വഴിതുറക്കുന്നതാണെന്നും നിലവിലെ പലസ്തീൻ സാഹചര്യം ലോകശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമമാണെന്നും അനുകൂല അഭിപ്രായങ്ങൾ ഉയർന്നു. ബിൽബോർഡിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ചർച്ച കൂടുതൽ ശക്തമായി. ചിലർ സന്ദേശത്തെ ചിന്തിപ്പിക്കുന്നതെന്ന് വിശേഷിപ്പിച്ചപ്പോൾ, മറ്റുചിലർ ആശയക്കുഴപ്പം പ്രകടിപ്പിച്ചു. അമേരിക്കയിൽ ഇത്തരമൊരു സന്ദേശം പ്രദർശിപ്പിച്ചത് എന്തിനെന്ന ചോദ്യവും ഉയർന്നു.
‘യേശു പലസ്തീനിയൻ’ എന്ന സന്ദേശത്തിന് പിന്നിൽ അമേരിക്കൻ-അറബ് ആന്റി-ഡിസ്‌ക്രിമിനേഷൻ കമ്മിറ്റി (ADC) ആണെന്ന് വ്യക്തമായി. സംഘടനയുടെ ദേശീയ എക്‌സിക്യൂട്ടീവ് ഡയറക്ടർ അദെബ് അയൂബ് ഇതിന് പിന്നിലെ ലക്ഷ്യം വിശദീകരിച്ചു. വർഷാരംഭം മുതൽ ടൈംസ് സ്‌ക്വയറിൽ പരസ്യസ്ഥലം വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും സന്ദേശങ്ങൾ ആഴ്ചതോറും മാറുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും അറബ് അമേരിക്കൻ സമൂഹത്തിനുമിടയിലെ പങ്കുവെക്കാവുന്ന മൂല്യങ്ങൾ മുന്നോട്ടുവയ്ക്കുകയാണ് ലക്ഷ്യമെന്നും ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ക്രിസ്മസ് കാലമാണ് ദൃശ്യതയ്ക്കായി തെരഞ്ഞെടുത്തതെന്നും അയൂബ് വ്യക്തമാക്കി. വ്യാഖ്യാനങ്ങൾ വ്യത്യസ്തമാണെന്നും എല്ലാവർക്കും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അയൂബ് പറഞ്ഞു. ക്രിസ്ത്യാനിത്വത്തിന്റെ ജന്മദേശം പലസ്തീൻ ആണെന്ന നിലപാടിലാണ് സംഘടന. മറ്റ് വിശ്വാസങ്ങളെ നിഷേധിക്കാനല്ല ബിൽബോർഡെന്നും, ഉയർന്ന ചർച്ചകൾ തന്നെ സന്ദേശം ലക്ഷ്യം കണ്ടതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ADC പിന്നീട് ഈ ബിൽബോർഡ് മാറ്റി പുതിയ സന്ദേശം സ്ഥാപിച്ചു. മുൻ അമേരിക്കൻ പ്രസിഡന്റ് റോണൾഡ് റീഗന്റെ വാക്കുകളായ “യേശു പറയും: ‘ഈ മതിൽ തകർക്കൂ’” എന്ന ഉദ്ധരണിയാണ് പുതിയ ബിൽബോർഡിൽ. ബർലിൻ മതിലിനെയും ഇസ്രായേലി സുരക്ഷാ മതിലിനെയും സൂചിപ്പിക്കുന്നതാണ് ഈ പരാമർശം. പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ടൈംസ് സ്‌ക്വയറിൽ കൂടുതൽ സന്ദേശങ്ങൾ പ്രദർശിപ്പിക്കുമെന്നും ADC അറിയിച്ചു.
Jesus is Palestinian? This message appeared on a digital billboard in Times Square, New York City, during the Christmas season











