അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് ഏറ്റവും വിലയേറിയ സമ്മാനം നൽകിയത് ഇന്ത്യൻ പ്രധാനമന്ത്രി! മോദി സമ്മാനിച്ചത് 17.15 ലക്ഷം രൂപയുടെ വജ്രം

വാഷിങ്ടൺ: 2023ൽ അമേരിക്കൻ പ്രഥമ വനിത ജിൽ ബൈഡന് ലഭിച്ച സമ്മാനത്തിൽ ഏറ്റവും വില കൂടിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചതെന്ന് റിപ്പോർട്ട്. 7.5 കാരറ്റ് വജ്രമാണ് യു.എസ് പ്രഥമ വനിത ജിൽ ബൈഡന് മോദി സമ്മാനിച്ചത്. 20,000 ഡോളറാണ് (ഏകദേശം 17.15 ലക്ഷം രൂപ) ഈ വജ്രത്തിന്റെ വില.

വൈറ്റ് ഹൗസ് ഈസ്റ്റ് വിംഗിൽ ഔദ്യോഗിക ഉപയോഗത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മോദി സമ്മാനിച്ച വജ്രം. യു.എസിലെ യുക്രെയ്ന്‍ അംബാസഡര്‍ നല്‍കിയതാണ് വിലകൂടിയ സമ്മാനങ്ങളില്‍ ഇതിന് രണ്ടാം സ്ഥാനം. വജ്രത്തിന്റെ പിന്നാണ് യുക്രൈൻ നൽകിയത്. മതിപ്പു വില 14,063 ഡോളര്‍. ഈജിപ്ത് പ്രസിഡൻ്റ് നല്‍കിയ 4,510 ഡോളർ വിലമതിക്കുന്ന ബ്രേസ്‌ലെറ്റ്, ബ്രൂച്ച്, ഫോട്ടോ ആൽബം എന്നിവയുൾപ്പെടെയുളള ഇനങ്ങളുടെ ശേഖരം തുടങ്ങിയവയാണ് യു.എസ് പ്രഥമ വനിതയ്ക്ക് ലഭിച്ച മറ്റ് ശ്രദ്ധേയമായ സമ്മാനങ്ങൾ.

അടുത്തിടെ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് സുക് യോൾ യൂണിൻ്റെ 7,100 ഡോളർ വിലമതിക്കുന്ന സ്മാരക ഫോട്ടോ ആൽബം, മംഗോളിയൻ പ്രധാനമന്ത്രിയുടെ 3,495 ഡോളർ വിലയുള്ള മംഗോളിയൻ യോദ്ധാക്കളുടെ പ്രതിമ, ബ്രൂണൈ സുൽത്താൻ്റെ 3,300 ഡോളർ വിലമതിക്കുന്ന വെള്ളി പാത്രം തുടങ്ങിയവ ഉൾപ്പെടെയുളള വിലയേറിയ നിരവധി സമ്മാനങ്ങളാണ് പ്രസിഡന്റ് ജോ ബൈഡന് ലഭിച്ചിട്ടുളളത്.

വിദേശ നേതാക്കളിൽ നിന്ന് ലഭിക്കുന്ന 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ ഭരണ രംഗത്തുളളവര്‍ വെളിപ്പെടുത്തണമെന്നാണ് യു.എസിലെ നിയമം.

More Stories from this section

family-dental
witywide