‘കൊലപാതകത്തെ നിസ്സാരവത്ക്കരിക്കാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചില്ല’: ഷോയില്‍ കണ്ണീരണിഞ്ഞ് ജിമ്മി കിമ്മല്‍, എബിസിയെ വിമർശിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുപ്പക്കാരനായ ചാര്‍ളി കിര്‍ക്കിന്റെ മരണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ടോക് ഷോ പുനരാരംഭിച്ചപ്പോള്‍ വികാരാധീനനായി അവതാരകന്‍ ജിമ്മി കിമ്മല്‍. ‘ഒരു യുവാവിന്റെ കൊലപാതകത്തെ ലഘൂകരിക്കാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല,’ എന്നായിരുന്നു കണ്ണീരണിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത്.

വലതുപക്ഷ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള ജിമ്മി കിമ്മലിന്റെ അഭിപ്രായങ്ങള്‍ വലിയ വിമര്‍ശങ്ങളെ നേരിട്ടതോടെ എബിസി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സസ്പെന്‍ഷന്‍ രാജ്യവ്യാപകമായ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും കാരണമായി. ഇതോടെ, എബിസിയുടെ ഉടമസ്ഥതയിലുള്ള ഡിസ്നി, കിമ്മലിനെയും അദ്ദേഹത്തിന്റെ ഷോയായ ജിമ്മി കിമ്മല്‍ ലൈവിനെയും വീണ്ടും സംപ്രേക്ഷണത്തിലേക്ക് കൊണ്ടുവരാന്‍ നിര്‍ബന്ധിതമായി. ജിമ്മി കിമ്മല്‍ ലൈവ് തിരിച്ചെത്തുമെന്ന് എബിസി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി അദ്ദേഹം ഷോയുമായി എത്തിയത്.

ജിമ്മി കിമ്മല്‍ ലൈവിന്റെ ഈ ആഴ്ചയിലെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്യവേ കണ്ണീരോടെ സംസാരിക്കുന്ന കിമ്മലിനെയാണ് കാണാന്‍ കഴിഞ്ഞത്. ‘ഇതില്‍ രസകരമായ ഒന്നും തന്നെയില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം കൊല്ലപ്പെട്ട ദിവസം ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു, അദ്ദേഹത്തിന്റെ കുടുംബത്തിന് സ്‌നേഹം അയയ്ക്കുകയും ചെയ്തു. ഞാന്‍ അത് ഉദ്ദേശിച്ചു, ഇപ്പോഴും ഞാന്‍ അങ്ങനെ ചെയ്യുന്നു.’- കിമ്മല്‍ പറഞ്ഞു,

കിര്‍ക്കിനെ വെടിവച്ച ടൈലര്‍ റോബിന്‍സണിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പിന്തുണക്കാരുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കാന്‍ താന്‍ ശ്രമിക്കുന്നില്ലെന്നും കിമ്മല്‍ വ്യക്തമാക്കി. താന്‍ പറഞ്ഞത് ആളുകള്‍ തെറ്റുധരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ പൂര്‍ണ്ണമായും ക്ഷമാപണം നടത്താന്‍ അദ്ദേഹം തയ്യാറായില്ല.

കിമ്മലിന്റെ തിരിച്ചുവരവിനെ ആരാധകര്‍ പ്രശംസിക്കുകയും അദ്ദേഹത്തിന്റെ സഹ ടോക്ക് ഷോ അവതാരകര്‍ ഇതിനെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തെങ്കിലും, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എബിസിയെ വിമര്‍ശിച്ചു. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍, ബ്രോഡ്കാസ്റ്റര്‍ എബിസി ഡെമോക്രാറ്റുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും, കിമ്മല്‍ ‘ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി മറ്റൊരു ശാഖ’ ആണെന്നും, കുറ്റപ്പെടുത്തി.

“അന്ന് മുതൽ ഇന്നുവരെ എന്തോ സംഭവിച്ചു, കാരണം അദ്ദേഹത്തിന്റെ പ്രേക്ഷകർ പോയി, അദ്ദേഹത്തിന്റെ “കഴിവ്” ഒരിക്കലും അവിടെ ഉണ്ടായിരുന്നില്ല. ഇത്രയും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന, തമാശക്കാരനല്ലാത്ത, 99% പോസിറ്റീവ് ഡെമോക്രാറ്റ് മാലിന്യം കളിച്ച് നെറ്റ്‌വർക്കിനെ അപകടത്തിലാക്കുന്ന ഒരാളെ അവർ എന്തിനാണ് തിരികെ ആഗ്രഹിക്കുന്നത്. അദ്ദേഹം ഡിഎൻസിയുടെ മറ്റൊരു ശാഖയാണ്, എന്റെ അറിവിൽ, അത് ഒരു വലിയ നിയമവിരുദ്ധ പ്രചാരണ സംഭാവനയായിരിക്കും.” ട്രംപ് പറഞ്ഞു.

മാത്രമല്ല, എബിസി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് താന്‍ നിരീക്ഷിക്കുന്നുണ്ടെന്നും മുമ്പ് നിയമ നടപടിയുമായി പോയപ്പോള്‍ അവര്‍ 16 മില്യണ്‍ ഡോളര്‍ തന്നുവെന്നും ട്രംപ് പറഞ്ഞു. നെറ്റ്വര്‍ക്കിനെതിരെ ചില നിയമനടപടികള്‍ സ്വീകരിക്കുമെന്ന സൂചനയായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

More Stories from this section

family-dental
witywide