കോവിഡിന്റെ പുതിയ വകഭേദമായ ജെ എന്‍-1 ഏഷ്യന്‍ രാജ്യങ്ങളില്‍ പടരുന്നു, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി

ന്യൂഡല്‍ഹി : കോവിഡിന്റെ പുതിയ വകഭേദമായ ജെ എന്‍-1 ഏഷ്യന്‍ രാജ്യങ്ങളില്‍ പകരുന്നതായി റിപ്പോര്‍ട്ട്. ഇതിനിടെ ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. സിങ്കപ്പൂര്‍, ഹോങ് കോങ്, തായ്ലാന്‍ഡ് എന്നിവിടങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒമിക്രോണ്‍ ഉപവിഭാഗമാണ് വേഗത്തില്‍ വ്യാപിക്കുന്നത്.

ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധര്‍, എമര്‍ജന്‍സി റിലീഫ് ഡിവിഷന്‍ എന്നിവയുടെ അവലോകന യോഗമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഏഷ്യയിലുടനീളം കോവിഡ്-19 കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളായ ഹോങ്കോങ്ങിലും സിംഗപ്പൂരിലും കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നുണ്ട്. ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നല്‍കുന്ന വിവരം അനുസരിച്ച്, വൈറസ് വളരെ സജീവമാണ്. ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും ചൈനയിലെയും തായ്ലന്‍ഡിലെയും ആരോഗ്യ അധികൃതര്‍ പുതിയ ബൂസ്റ്റര്‍ വാക്‌സിനേഷനുകള്‍ എടുക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധശേഷി കുറയുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ മൂലമാകാം കേസുകളുടെ വര്‍ദ്ധനവെന്നും പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുള്ളതോ – അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ കേസുകള്‍ക്ക് കാരണമാകുന്നതോ ആണെന്നതിന് ഒരു സൂചനയും ഇല്ലെന്നും സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.

അതേസമയം, ഇന്ത്യയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും സജീവ കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഒരാഴ്ചയ്ക്കുള്ളില്‍ 12 ല്‍ നിന്ന് 56 ആയാണ് വര്‍ദ്ധിച്ചത്. നിലവില്‍ ഇന്ത്യയില്‍ 257 സജീവ കോവിഡ്-19 കേസുകളുണ്ട്, കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide