
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരിയും എറിഞ്ഞു കൊടുത്താൽ കൂലിയായി ആയിരം മുതൽ 2000 രൂപ വരെ ലഭിക്കുമെന്ന് ഇന്നലെ പിടിയിലായ പനങ്കാവ് സ്വദേശി അക്ഷയ് പൊലീസിന് മൊഴി നൽകി. പറഞ്ഞു തരുന്ന ജയിലിനകത്തെ അടയാളങ്ങളിലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിയുന്നതെന്നും യുവാവ് മൊഴി നൽകി.
വാട്സ്ആപ്പ് വഴിയാണ് നിർദ്ദേശങ്ങൾ ലഭിക്കുകയെന്നും സാധനങ്ങൾ എറിഞ്ഞു നൽകാൻ ആഴ്ചയിൽ ഒരു ദിവസം തിരഞ്ഞെടുക്കുമെന്നും ആർക്കാണ് എറിഞ്ഞു നിൽക്കുന്നത് എന്ന് അറിയില്ലെന്നും യുവാവ് മൊഴി നൽകി. യുവാവ് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലിനു മുകളിലൂടെ മൊബൈൽ ഫോണും ബീഡികെട്ടുകളും എറിഞ്ഞു നൽകാൻ ശ്രമിക്കുന്നതിനിടെ ഇന്നലെയാണ് പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് സുരക്ഷാ ഉദ്യോഗസ്ഥന്റെ പിടിയിലായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപ്പെട്ടു.
വിശദമായ ചോദ്യം ചെയ്യലിലാണ് കണ്ണൂർ ടൗൺ പൊലീസിനോട് അക്ഷയ് മൊഴി നൽകിയത്. ‘ജയിലേക്കുള്ളഎറിയൽ ശ്രമം വിജയിച്ചാൽ ഗൂഗിൾ പേ വഴിയാണ് ഇവർക്ക് പണം ലഭിക്കുക. സംഘത്തിൽ രണ്ട് ഗ്രൂപ്പുകൾ ഉണ്ട്. ഒന്ന് തടവുകാരുമായി നേരിട്ട് ബന്ധമുള്ളവർ . രണ്ട് ജയിലിനുള്ളിലേക്ക് സാധനങ്ങൾ എറിഞ്ഞു കൊടുക്കുന്നവർ. വലിയ സംഘത്തിലെ ഒരു കണ്ണി മാത്രമാണ് അക്ഷയ് എന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ മൊഴി കേന്ദ്രീകരിച്ച് രക്ഷപ്പെട്ട രണ്ടുപേരെ പിടികൂടാൻ ശ്രമം തുടരുകയാണ്. അക്ഷയിയെ പൊലീസ് റിമാൻഡ് ചെയ്തു.