
വാഷിംഗ്ടണ്‍: ജോ ബൈഡന്‍ മുമ്പൊരിക്കലും പ്രോസ്‌റ്റേറ്റ് കാന്‍സര്‍ കണ്ടെത്തിയിട്ടില്ലെന്നും രോഗം മറച്ചുവെച്ചിട്ടില്ലെന്നും മുന്‍ യുഎസ് പ്രസിഡന്റിന്റെ വക്താവ് ചൊവ്വാഴ്ച പറഞ്ഞു. രോഗം മറച്ചുവയ്ക്കാന്‍ നീക്കം നടന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആരോപിച്ചതിനു പിന്നാലെയാണ് ബൈഡന്റെ ഭാഗത്തുനിന്നും വിശദീകരണമുണ്ടായത്.
കഴിഞ്ഞ ആഴ്ച വരെ ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സര്‍ കണ്ടെത്തിയിട്ടില്ലെന്നും 11 വര്‍ഷം മുമ്പ് ഈ രോഗത്തിന് രക്തപരിശോധന നടത്തിയിരുന്നുവെന്നും ബൈഡന്റെ വക്താവ് വ്യക്തമാക്കി. ബൈഡന്‍ കാന്‍സര്‍ ബാധിതനാണെന്ന വിവരം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിറക്കിയത്.
പുരുഷന്മാരില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍, പ്രോസ്റ്റേറ്റ്-നിര്‍ദ്ദിഷ്ട ആന്റിജന്‍ അല്ലെങ്കില്‍ പിഎസ്എ എന്നറിയപ്പെടുന്ന ഒരു പ്രോട്ടീനെ അളക്കുന്ന രക്തപരിശോധനകള്‍ ഉപയോഗിച്ച് അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താന്‍ കഴിയും. അത്തരമൊരു പരിശോധനയിലാണ് ബൈഡനും രോഗ നിര്‍ണയം നടത്തിയത്.
അതേസമയം, ബൈഡന്‍ രോഗബാധിതനാണെന്ന് അറിഞ്ഞതിനു പിന്നാലെ ദുഖം പങ്കുവെച്ച് എത്തിയ ട്രംപ് പിന്നാലെ രോഗം മറച്ചുവെച്ചുവെന്ന ആരോപണം ഉന്നയിക്കുകയായിരുന്നു. ബൈഡന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെക്കാലമായി ചര്‍ച്ചാകുന്ന വിഷയമാണ്. ഓര്‍മ്മപ്പിശകും ശാരീരിക ക്ഷമതയും ചൂണ്ടിക്കാട്ടി ട്രംപ് ബൈഡനെതിരെ പ്രചാരണം നടത്തുകയും ഒടുവില്‍ തിരഞ്ഞെടുപ്പില്‍ നിന്നുതന്നെ ബെഡന് പിന്മാറേണ്ടിയും വന്നിരുന്നു.