ന്യൂഡൽഹി: പി.എം ശ്രീ സ്കൂൾ പദ്ധതിയിൽ കേരളവും കേന്ദ്രവും തമ്മിൽ ധാരണയുണ്ടാക്കാൻ മധ്യസ്ഥത വഹിച്ചത് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് തന്നെയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ വെളിപ്പെടുത്തി. കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും സർവസമ്മതത്തോടെയാണ് ധാരണാപത്രം തയ്യാറായതെന്നും മന്ത്രി പറഞ്ഞു. എന്നാൽ പിന്നീട് സംസ്ഥാന സർക്കാരിനുള്ളിൽ ഉണ്ടായ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കാതെ പിന്മാറിയെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.
ഈ വെളിപ്പെടുത്തലിനോട് പ്രതികരിച്ച ജോൺ ബ്രിട്ടാസ്, കേന്ദ്ര മന്ത്രി പറഞ്ഞത് സത്യമാണെന്ന് സമ്മതിച്ചു. “കേരളത്തിന് വേണ്ടി പലതവണ മന്ത്രിയെ കണ്ടു സംസാരിച്ചിട്ടുണ്ട്. എന്നെ അഭിനന്ദിച്ചതിൽ സന്തോഷമേയുള്ളു. പക്ഷേ, കരാർ ഒപ്പിടുന്നതിൽ ഞാൻ മധ്യസ്ഥം വഹിച്ചിട്ടില്ല” എന്ന് ബ്രിട്ടാസ് വ്യക്തമാക്കി. പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് മാറില്ലെന്ന സൂചനയും മന്ത്രിയിൽ നിന്ന് ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഫണ്ട് സ്വീകരിച്ചിട്ടും കേരളത്തെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് ബ്രിട്ടാസ് ആരോപിച്ചു. പി.എം ശ്രീ പദ്ധതിയിലെ ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് നഷ്ടമാകുന്നത് കേരളത്തിന് തന്നെ കനത്ത നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന്റെ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന കേന്ദ്ര മന്ത്രിയുടെ വിമർശനത്തിന് മറുപടിയായി ബ്രിട്ടാസ് ഈ നിലപാട് ആവർത്തിച്ചു.









