
ഡൽഹി: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ കാര്യത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിക്കാത്തതിൽ വിമർശനവുമായി സി പി എം രാജ്യസഭ എം പി ജോൺ ബ്രിട്ടാസ് രംഗത്ത്. സുരേഷ് ഗോപി വിഷയത്തിൽ എന്തെങ്കിലും മിണ്ടിയോ എന്ന് ചോദിച്ച ബ്രിട്ടാസ്, താൻ സുരേഷ് ഗോപി പ്രതികരിക്കുന്നതായി കണ്ടില്ലെന്നും വിവരിച്ചു. അടുത്ത ആഴ്ച മാതാവിന് കൊടുക്കാൻ ഒരു കിരീടവുമായി സുരേഷ് ഗോപി കേരളത്തിലേക്ക് എത്തിയേക്കാമെന്നും അദ്ദേഹം വിമർശിച്ചു. ജോർജ് കുര്യനും മറ്റുള്ളവരും കേരളത്തിലെ ക്രൈസ്തവരെ പറ്റിക്കുകയാണ്. ബി ജെ പിയുടെയും സംഘപരിവാറിന്‍റെയും അജണ്ടയാണ് നടപ്പാകുന്നതെന്നും ബ്രിട്ടാസ് വിമർശിച്ചു. കന്യാസ്ത്രീകളുടെ ജാമ്യം തടയാൻ ഛത്തീസ്ഗഡ് സർക്കാരും പൊലീസും ശ്രമിക്കുകയാണെന്നും പെൺകുട്ടിയുടെ മൊഴി മാറ്റാനുള്ള തീവ്രശ്രമം നടക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകൾക്കും ഇന്ന് ജാമ്യം ലഭിച്ചില്ല. ഇരുവരുടെയും ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. സെഷൻൻ കോടതിയിൽ നാളെ തന്നെ അപ്പീൽ നൽകും. അതുവരെ രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് ഇരുവരും കോടതിയിൽ വാദിച്ചു.
അതിനിടെ ഛത്തീസ്ഗഡിലെ ജയിലിലെത്തി പ്രതിപക്ഷ എംപിമാര്‍ ഇവരെ കണ്ടു. മലയാളി കന്യാസ്ത്രീകള്‍ക്കുനേരെ ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിച്ച എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹ്നാന്‍, സപ്തഗിരി എന്നിവർ വ്യക്തമാക്കി. ഇവരെ കൂടാതെ കന്യാസ്ത്രീകളുടെ ബന്ധുവായ ബൈജുവും ജയിലിലെത്തി ഇവരെ കണ്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്. കന്യാസ്ത്രീകൾക്ക് എതിരെ പോലീസ് ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. മനുഷ്യക്കടത്തും, നിർബന്ധിത മത പരിവർത്തനവും അടക്കം 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ തയ്യാറാക്കിയത്.സിസ്റ്റർ പ്രീതി മേരിയാണ് ഒന്നാം പ്രതി. സിസ്റ്റർ വന്ദന ഫ്രാൻസിസ് രണ്ടാം പ്രതിയും പെൺകുട്ടികളുടെ ബന്ധു സുഖ്മൻ മണ്ടാവി മൂന്നാം പ്രതിയുമാണ്. ഇവർക്കെതിരെ ഛത്തീസ്ഗഡ് മത സ്വാതന്ത്ര്യ നിയമത്തിലെ നാല്, ഭാരതീയ ന്യായ സംഹിത 143 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ആണിത്.