മുഖ്യമന്ത്രിക്ക് ജോസ് കെ മാണിയുടെ കത്ത്, അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം, ‘വന്യജീവി-തെരുവ് നായ ആക്രമണ ഭീഷണി ചർച്ച ചെയ്യണം’

തിരുവനന്തപുരം: കേരളത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളും തെരുവ് നായ ശല്യവും പരിഹരിക്കാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) രംഗത്ത്. വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും നിയമനിർമാണം നടത്തണമെന്നും ആവശ്യപ്പെട്ട് പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും കേരള കോൺഗ്രസ് ആവശ്യപ്പെട്ടു.

മലയോര മേഖലകളിൽ വന്യജീവി ആക്രമണങ്ങളും തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമായ സാഹചര്യത്തിലാണ് ഈ ആവശ്യം ഉയർന്നത്. കഴിഞ്ഞ ദിവസം നടന്ന കേരളത്തിലെ എം പിമാരുടെ കോൺക്ലാവിൽ ജോസ് കെ. മാണി ഈ വിഷയം ശക്തമായി ഉന്നയിച്ചിരുന്നു. തുടർന്നാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തെരുവ് നായ്ക്കളുടെയും വളർത്തു നായ്ക്കളുടെയും വേർതിരിവില്ലാതെ ഉടമസ്ഥരില്ലാത്ത എല്ലാ നായ്ക്കളെയും പിടികൂടി കൂട്ടിലാക്കണമെന്നാണ് കേരള കോൺഗ്രസ് (എം) നിർദേശിക്കുന്നത്. പേ വിഷബാധ സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളിൽ തെരുവ് നായ്ക്കളെ കൊല്ലണമെന്നും, പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിൽ പക്ഷികളെ കൊല്ലുന്ന രീതി ഇതിന് മാതൃകയാക്കണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

മലയോര മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വന്യജീവി നിയമ ഭേദഗതികൾ പരിശോധിക്കുന്നതിനും കേരള കോൺഗ്രസ് (എം) നേരത്തെ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ട് പാർട്ടിയുടെ എം.എൽ.എമാർ നിയമസഭയിൽ ഉന്നയിക്കും. ഈ നിർദേശങ്ങൾ കണക്കിലെടുത്ത്, ഭരണ-പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്ന് നിയമ ഭേദഗതിക്ക് പിന്തുണ നൽകണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. ഭരണമുന്നണിയിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരള കോൺഗ്രസ് (എം) ഈ വിഷയം ശക്തമായി ഉന്നയിക്കുന്നത് ശ്രദ്ധേയമാണ്.

Also Read

More Stories from this section

family-dental
witywide