സംയുക്ത പാര്‍ലമെന്ററി സമിതി കടന്ന് വഖഫ് ഭേദഗതി ബിൽ! പ്രതിപക്ഷ ഭേദംഗതികൾ വോട്ടിനിട്ട് തള്ളി

ഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന സമിതി തള്ളി.

പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളില്‍ വോട്ടെടുപ്പ് നടന്നതായി സമിതി ചെയര്‍മാന്‍ ജഗദംബിക പാല്‍ പറഞ്ഞു. യോഗത്തില്‍ വഖഫ് ബില്ലിനെ 16 എംപിമാര്‍ പിന്തുണച്ചു. 10 പേര്‍ എതിര്‍ത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും, ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും ജഗദംബിക പാല്‍ വ്യക്തമാക്കി. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വഖഫ് ഭേദഗതി ബില്ലിന്മേല്‍ നവംബര്‍ 29 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു. ഭേദഗതികള്‍ പഠിക്കാന്‍ രൂപീകരിച്ച പാര്‍ലമെന്ററി സമിതി നിരവധി യോഗം ചേര്‍ന്ന് വാദം കേട്ടിരുന്നു.

ചെയര്‍മാന്‍ പക്ഷപാത പരമായി പെരുമാറുകയാണെന്ന് സമിതിയിലെ പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ലാക്കാക്കി വേഗത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതിയിരുന്നു. ബില്ലിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എംപിമാര്‍ കുറ്റപ്പെടുത്തി.


More Stories from this section

family-dental
witywide