‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ’, പേരാമ്പ്രയിൽ ഷാഫിക്കെതിരെ ഇപി ജയരാജന്‍റെ ഭീഷണി പ്രസംഗം

കോഴിക്കോട്: പേരാമ്പ്രയിൽ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ യുഡിഎഫ് എംപി ഷാഫി പറമ്പിലിനെതിരെ ഭീഷണിപരമായ പ്രസംഗവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ. “സൂക്ഷിച്ച് നടന്നാൽ മതി. മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തെ ചൂണ്ടിക്കാട്ടി, സിപിഎം പ്രവർത്തകരുടെ ക്ഷമയും പക്വതയും കാരണമാണ് ആക്രമണകാരികൾ സുരക്ഷിതമായി മടങ്ങിയതെന്നും ജയരാജൻ പറഞ്ഞു. “മാർക്സിസ്റ്റുകാർ നല്ല ക്ഷമാലുക്കളാണ്. പക്ഷേ, മെക്കിട്ട് കയറാൻ പുറപ്പെട്ടാൽ അനുഭവിക്കും” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

സംഭവത്തിന്റെ പശ്ചാത്തലം വിശദീകരിച്ച ജയരാജൻ, പേരാമ്പ്രയുടെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ആസൂത്രിത ശ്രമമുണ്ടായെന്ന് ആരോപിച്ചു. പഞ്ചായത്ത് ഓഫിസിലെ പ്രതിഷേധം സംഘടിപ്പിച്ചെങ്കിലും, ജനങ്ങൾ അറിഞ്ഞുവന്നതോടെ പൊലീസ് ഇടപെട്ടു. സിപിഎം പ്രവർത്തകരോട് സംഘർഷം ഒഴിവാക്കി പിരിഞ്ഞുപോകാൻ നിർദേശിച്ചു. അതിനുശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ചിലർ വന്നെത്തി അക്രമം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും, പൊലീസ് മിതമായ ഇടപെടലോടെ കാര്യങ്ങൾ നിയന്ത്രിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനും യോഗത്തിൽ പ്രസംഗിച്ചു. ഷാഫിയുടെ മൂക്കിനുണ്ടായ പരിക്കിനെ പരിഹസിച്ച അദ്ദേഹം, “മൂക്കിന് ഓപ്പറേഷൻ നടത്തിയ ഒരാൾക്ക് എങ്ങനെ ഇങ്ങനെ സംസാരിക്കാൻ കഴിയും” എന്ന് ചോദിച്ചു. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും, മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും രാമകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പേരാമ്പ്ര സംഭവത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കിടെ നടന്ന യോഗം, രാഷ്ട്രീയ പകപോക്കലുകളുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. സിപിഎം നേതൃത്വം പ്രതിരോധാത്മക നിലപാട് സ്വീകരിക്കുന്നതിനിടെ, യുഡിഎഫ് ക്യാമ്പിൽനിന്ന് ശക്തമായ പ്രതികരണങ്ങൾ ഉയരാൻ സാധ്യതയുണ്ട്. പൊലീസിന്റെ ഇടപെടൽ സംഘർഷം ഒഴിവാക്കിയെങ്കിലും, രാഷ്ട്രീയ ഭീഷണികൾ തുടരുന്നത് ആശങ്കയുണ്ടാക്കുന്നു.

EP Jayarajan’s threatening speech against Shafi in Perambra

More Stories from this section

family-dental
witywide