
തിരുവനന്തപുരം: തൃശൂർ ലോകസഭ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്നും ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് 50,000ൽ പരം വ്യാജ വോട്ടുകൾ ചേർക്കപ്പെട്ടതായും തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കെ മുരളീധരൻ. കോൺഗ്രസ് ഇക്കാര്യം നേരത്തെ ഉന്നയിച്ചതാണ്. യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് എന്നായിരുന്നു ട്രെൻഡ് എങ്കിലും ബിജെപി വിജയിച്ചു. സുരേഷ് ഗോപിയുടെ വിജയത്തിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് ഞങ്ങൾ നേരത്തെ ഉന്നയിച്ചതാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടിൽ തൃശ്ശൂരിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നതായി അന്നത്തെ ഇടത് സ്ഥാനാർഥി വി എസ് സുനിൽ കുമാറും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ലെന്നും കഴിഞ്ഞ ദിവസം കമ്മീഷന്റെ സൈറ്റിൽ കയറാൻ ശ്രമിക്കുമ്പോൾ സാങ്കേതിക പ്രശ്‌നം കാണിച്ചത് സംശയാസ്പദമാണെന്നും തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് മുൻ മന്ത്രിയായ വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു.