
തിരുവനന്തപുരം: കേരളത്തിന്‍റെ വ്യവസായ നേട്ടങ്ങളെ പ്രകീർത്തിച്ചതിന്‍റെ പേരിൽ കോൺഗ്രസിനുള്ളിൽ വിവാദമായ ശശി തരൂരിന്‍റെ നിലപാടിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി രംഗത്ത്. ശശി തരൂർ വാഴ്ത്തിപ്പറഞ്ഞ കാര്യങ്ങളെ സുധാകരൻ തള്ളിപ്പറഞ്ഞെങ്കിലും ശശി തരൂരിനെതിരെ വിമർശനം ഉന്നയിച്ചില്ല എന്നത് ശ്രദ്ധേയമായി. കോഴിക്കടകളും തട്ടുകടകളും പൂട്ടിപ്പോയ കടകളും വരെ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ചെറുകിട സംരംഭങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായതായി പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നാണ് സുധാകരന്‍ വാർത്താക്കുറിപ്പിലൂടെ പറഞ്ഞത്.
സ്റ്റാർട്ട് അപ് വളർച്ചക്ക് തുടക്കം ഇട്ടത് ഉമ്മൻ ചാണ്ടി സർക്കാരാണെന്നും അവിടെ നിന്ന് അർഹിക്കുന്ന വളർച്ച കേരളത്തിന് ഉണ്ടായില്ലെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു. സംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സി പി എം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ വീമ്പിളക്കരുതെന്നും സുധാകരന്‍ പറഞ്ഞു.