
വയനാട്: വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എൻ എം വിജയൻ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ടെഴുതിയ കത്ത് കിട്ടിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ സ്ഥിരീകരിച്ചു. വിജയൻ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അയച്ച കത്ത് കിട്ടിയെന്നും അത് ഇതുവരെ വായിക്കാനായിട്ടില്ലെന്നും സുധാകരൻ വിവരിച്ചു. കത്ത് വായിച്ച ശേഷം കൃത്യമായ നടപടി സ്വീകരിക്കുമെന്നും കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി. കുറ്റക്കാരനെന്ന് കണ്ടാൽ ഏതു കൊമ്പനെതിരെയും നടപടിയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. പുറത്തുവന്ന വിവരങ്ങൾ ഗൗരവമുള്ളതാണെന്നും നേരത്തെ വിഷയം പരിശോധിച്ച കെ പി സി സി സമിതി, റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും സുധാകരൻ വിവരിച്ചു. ഐ സി ബാലകൃഷ്ണൻ എം എൽ എ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുടെ പേര് എടുത്തുപറഞ്ഞുള്ള കത്താണ് ഇന്ന് പുറത്തുവന്നത്.
അതിനിടെ എൻ എം വിജയന്‍റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ കെ പി സി സി പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നതെന്ന് കെ പി സി സി അറിയിച്ചിട്ടുണ്ട്.
വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് ഇന്ന് ഉച്ചയോടെയാണ് പുറത്തുവന്നത്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും പേര് എടുത്ത് പറഞ്ഞുള്ളതാണ് ആത്മഹത്യ കുറിപ്പ്. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്നാണ് കുറിപ്പിൽ പറയുന്നത്. സാമ്പത്തിക ബാധ്യതകള്‍ എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.
ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളായ പലരും പണം വാങ്ങിയിട്ടുണ്ട്. എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതായാണ് വിവരം. നിയമനത്തിന്റെ പേരില്‍ ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങി. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നുണ്ട്.