
തിരുവനന്തപുരം: പിവി അൻവർ വിഷയത്തിൽ കോൺഗ്രസിൽ പരസ്യ പോര്. അൻവറിന് പരസ്യപിന്തുണയുമായി മുൻ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ രംഗത്തെത്തിയതോടെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുകയാണ്. അൻവർ നിലമ്പൂരിൽ നിർണായക ശക്തിയാണെന്നും യുഡിഎഫ് ഒപ്പം കൂട്ടണമെന്നുമാണ് സുധാകരൻ ആവശ്യപ്പെട്ടത്. വി ഡി സതീശന്റെ തീരുമാനത്തോട് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയ സുധാകരൻ, സതീശൻ ഒറ്റക്ക് കാര്യങ്ങൾ തീരുമാനിക്കേണ്ട വിഷയമല്ലെന്നും പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കോൺഗ്രസിൻറെയും യുഡിഎഫിൻറെയും നിലപാടാണ് താൻ പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ഇതോടെയാണ് അൻവറിനെ ചൊല്ലി കോൺഗ്രസിൽ വിഡി സതീശനും കെ.സുധാകരനും രണ്ട് തട്ടിലായത്. പിവി അൻവറിനെ ഒപ്പം കൂട്ടണമെന്ന് നിലപാടാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്വീകരിച്ചത്.
പിവി അൻവറുമായി സംസാരിച്ചു. ശുഭകരമായ തീരുമാനത്തിലെത്തുമെന്നാണ് ചെന്നിത്തല പറഞ്ഞത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിർത്തും. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോൾ ചില ഫോർമാലിറ്റീസുണ്ട്.താൻ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണ്. അന്തിമതീരുമാനം എടുക്കാൻ പ്രതിപക്ഷനേതാവിനെ യുഡിഎഫ് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചില കാലതാമസം സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.