
കൊച്ചി : ചലച്ചിത്രതാരം കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടല്‍ മാറാതെ പ്രിയപ്പെട്ടവര്‍. ഇന്നലെ രാത്രിയോടെയാണ് കലാഭവന്‍ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചോറ്റാനിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹോട്ടല്‍ മുറിയില്‍ ചെക്ക്ഔട്ട് വൈകിയതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ നവാസിനെ കണ്ടെത്തിയത്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്.
രാവിലെ എട്ടരയോടെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പത്തരയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍ വൈകുന്നേരം 4 മണി മുതല്‍ അഞ്ചര വരെയുള്ള പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കം.
മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹ്നയാണ് ഭാര്യ. ചൈതന്യം ആയിരുന്നു ആദ്യ ചിത്രം. മീനാക്ഷി കല്യാണം, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദാമാമ, മൈ ഡിയർ കരടി, ജൂനിയർ മാൻഡ്രേക്ക്, അമ്മ അമ്മായിയമ്മ, വൺമാൻ ഷോ, വെട്ടം, ചട്ടമ്പിനാട്, കോബ്ര, എബിസിഡി, മൈലാഞ്ചി മൊഞ്ചുള്ള വീട്, മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നവാസ് അഭിനയിച്ചു. ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന ചിത്രമാണ് അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം















