
തിരുവനന്തപുരം: കല്ലമ്പലം എംഡിഎംഎ കേസിൽ അന്വേഷണം പുരോഗമിക്കവേ അറസ്റ്റിലായ സഞ്ജുവിന് സിനിമാ മേഖലയിലെ യുവനടന്മാരുമായി അടുത്ത ബന്ധമെന്ന് പൊലീസ്. യുവ നടന്മാരിൽ പലരുമായും ഇടപാടുകൾ നടത്തി.വർക്കലയിൽ അടുത്തിടെ ചിത്രീകരണത്തിനായി എത്തിയ പ്രമുഖ നടനുമായി സഞ്ജുവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. സിനിമാ സെറ്റുകളിലെ നിരന്തര സന്ദർശകനായ സഞ്ജുവിന്റെ മകളും സിനിമയിൽ അഭിനയിച്ചിരുന്നു.
പലവട്ടം വിദേശയാത്ര നടത്തിയ സഞ്ജു എല്ലാ യാത്രകളിലും രാസലഹരി കടത്തിയെന്നും സൂചനയുണ്ട്. ഒരു വർഷത്തിനിടയിൽ കോടികളുടെ രാസലഹരി കടത്തിയെന്നാണ് വിവരം. കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചാണ് ലഹരിക്കടത്ത് നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. ചെറുപ്പകാലത്തുതന്നെ ക്രിമിനൽ കേസുകളിൽ സഞ്ജു ഉൾപ്പെട്ടിരുന്നു. 2022-ൽ എംഡിഎംഎയുമായി പിടിയിലായതോടെയാണ് രാസലഹരി വിൽപ്പനയിൽ സഞ്ജുവിന്റെ പേര് പുറത്ത് വരുന്നത്. 2023ൽ കല്ലമ്പലം ഞെക്കാട് വളർത്തുനായ്ക്കളെ കാവലാക്കി ലഹരിക്കച്ചവടം നടത്തിയ കേസിലും പ്രതിയാണ് സഞ്ജു. അന്ന് പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ വളർത്തുനായ്ക്കളെ അഴിച്ചുവിട്ട് ഭീതി സൃഷ്ടിച്ചിരുന്നു.
തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് ജൂലൈ പത്തിന് പൊലീസ് നടത്തിയ വൻ ലഹരിവേട്ടയിലാണ് നാല് കോടി രൂപ വിലവരുന്ന, ഒന്നേകാൽ കിലോ എംഡിഎംഎയുമായാണ് ‘ഡോൺ’ സഞ്ജു അടക്കമുള്ളവരെ പിടികൂടിയത്. ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളിൽ കറുത്ത കവറിലാക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ചു കടത്താൻ ശ്രമം നടന്നത്. സഞ്ജുവിന് പുറമെ വലിയവിള സ്വദേശി നന്ദു, ഉണ്ണിക്കണ്ണൻ, പ്രമീൺ എന്നിവരും പിടിയിലായി. റൂറൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.