കമൽഹാസൻ ഇനി രാജ്യസഭാ എംപി; സത്യപ്രതിജ്ഞ ചെയ്തത് തമിഴിൽ, ‘അഭിമാനം തോന്നുന്നു’ എന്ന് പ്രതികരണം

ന്യൂഡല്‍ഹി: നടനും മക്കള്‍ നീതി മയ്യം (എംഎന്‍എം) തലവനുമായ കമല്‍ഹാസന്‍ വെള്ളിയാഴ്ച രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സഹ പാര്‍ലമെന്റ് അംഗങ്ങളുടെ ഉച്ചത്തിലുള്ള കൈയടികളോടെയാണ് കമല്‍ഹാസന്‍ സത്യപ്രതിജ്ഞ ചെയ്ത് പാര്‍ലമെന്റില്‍ അരങ്ങേറ്റം കുറിച്ചത്. ആദ്യമായി ദേശീയ നിയമസഭാംഗത്വം ഏറ്റെടുക്കുന്നതോടെ കമല്‍ഹാസന്റെ രാജ്യസഭാ പ്രവേശനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

വ്യാഴാഴ്ച്ച തമിഴ്നാട്ടില്‍ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചിരുന്നു. ഡിഎംകെ എംഎന്‍എം സഖ്യത്തിന്റെ ഭാഗമായാണ് കമല്‍ഹാസന്‍ രാജ്യസഭയിലെത്തുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ പിന്തുണയ്ക്ക് പകരമായി ഉപരിസഭയില്‍ ഒരു സീറ്റ് ഉറപ്പാക്കിയ ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെയാണ് 69 കാരനായ അദ്ദേഹത്തിന് നാമനിര്‍ദ്ദേശം ലഭിച്ചത്.

‘എനിക്ക് വളരെ അഭിമാനവും ബഹുമാനവും തോന്നുന്നു’ എന്ന് കമല്‍ഹാസന്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ 6 ന് തമിഴ്നാട് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, വിസികെയുടെ തോല്‍ തിരുമാവളവന്‍, എംഡിഎംകെയുടെ വൈകോ, തമിഴ്നാട് കോണ്‍ഗ്രസ് മേധാവി സെല്‍വപെരുന്തഗൈ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് കമല്‍ഹാസന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജൂണ്‍ 12 നാണ് കമല്‍ഹാസനും മറ്റ് അഞ്ച് പേരും തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

More Stories from this section

family-dental
witywide