
ബംഗളൂരു : തഗ് ലൈഫ് എന്ന സിനിമയുടെ റിലീസ് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെഎഫ്സിസി) നിരോധിച്ചതിനെ തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് നായകന്‍ കമല്‍ഹാസന്‍. തന്റെ കമ്പനിയായ രാജ്കമല്‍ ഫിലിം ഇന്റര്‍നാഷണലിന്റെ സിഇഒ വഴിയാണ് താരം ഈ ഹര്‍ജി സമര്‍പ്പിച്ചത്.
കന്നഡ ഭാഷയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് കെഎഫ്സിസിയുടെ ഭാഗത്തുനിന്നും താരത്തിനെതിരായ നീക്കം നടന്നത്.
സര്‍ക്കാര്‍, പൊലീസ് വകുപ്പ്, ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് ഇതിനെതിരെ താരം കോടതിയെ സമീപിച്ചത്. കൂടാതെ, സിനിമാ പ്രദര്‍ശനത്തിന് മതിയായ സുരക്ഷ നല്‍കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം തഗ് ലൈഫിന്റെ ഒരു പ്രമോഷണല്‍ പരിപാടിയില്‍ ‘കന്നഡ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത്’ എന്ന് കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം കര്‍ണാടകയില്‍ വലിയ വിവാദത്തിന് കാരണമായി, രാഷ്ട്രീയക്കാരും സിനിമാ അസോസിയേഷനുകളും നടനെ വിമര്‍ശിച്ചു. കര്‍ണാടക ബിജെപി മേധാവി ബി വൈ വിജയേന്ദ്ര കമലഹാസനോട് ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് താരം. ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് പ്രദര്‍ശനത്തിനെത്തുക.