
ചെന്നൈ : കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നേതൃത്വം നൽകിയ റാലിയിൽ തിരക്കിൽപ്പെട്ട് 41 പേർ മരിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി കനിമൊഴി എം പി. വിജയ് മനുഷ്യത്വം ഇല്ലാത്ത നേതാവാണെന്നും ആദ്യം ഉത്തരവാദിത്തം ഏറ്റെടുക്കാൻ പഠിക്കണം എന്ന് പറഞ്ഞ കനിമൊഴി ദുരന്തത്തിന് ഡി എം കെയെ പഴിക്കുന്നത് എന്തിനാണെന്നും ചോദിച്ചു.
വിജയ് കരൂരിൽ നിൽക്കണമായിരുന്നു. ഇപ്പോഴും ടി വി കെ നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടില്ല എന്നും കനിമൊഴി ചൂണ്ടിക്കാട്ടി. വിജയ്ക്ക് മനസാക്ഷിയില്ലെന്നും സ്വന്തം സുരക്ഷ മാത്രം നോക്കി കരൂരിൽ നിന്ന് വിജയ് ചെന്നൈയിലേക്ക് പോയെന്നും അവർ കുറ്റപ്പെടുത്തി. മാത്രമല്ല, വിജയ്ക്ക് അവിടെ നിൽക്കാൻ കഴിയില്ലെങ്കിൽ മറ്റ് നേതാക്കളെ ആശുപത്രിയിലേക്ക് വിടണമായിരുന്നുവെന്നും ഉത്തരവാദിത്തമില്ലാത്ത പ്രവർത്തിയാണ് വിജയ്യിൽ നിന്ന് ഉണ്ടായതെന്നും കനിമൊഴി തുറന്നടിച്ചു.
അതിനിടെ, ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്ത സംഭവത്തിലും വിജയ്ക്ക് വിമർശനം നേരിടേണ്ടി വരുന്നുണ്ട്. 52കാരനായ വി.അയ്യപ്പനാണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷം വീട്ടില്‍ ജീവനൊടുക്കിയത്. 20 വര്‍ഷമായി വിജയ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായ അയ്യപ്പന്‍ ദുരന്തത്തെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പില്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ പരാമര്‍ശമുണ്ട്. റാലിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.











