‘കണ്ണേ കരളേ’, അർധരാത്രിയും ഹൃദയവേദന അണപൊട്ടിയൊഴുകുന്ന കേരളം, ജനസാഗരമായ എകെജി സെന്‍ററിന് അവസാനമായി ലാൽസലാം പറഞ്ഞ് വിഎസ്, പൊതുദർശനം ഇനി നാളെ

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാൻ എ കെ ജി സെന്‍ററിലേക്ക് പാതിരാത്രിയും കേരള ജനത ഒഴുകിയെത്തി. അർധരാത്രിയും അണപൊട്ടിയൊഴുകുന്ന കേരളത്തിന്‍റെ ഹൃദയ വേദനയാണ് എ കെ ജി സെന്‍ററിന് മുന്നിൽ കണ്ടത്. ‘കണ്ണേ കര‍ളേ വി എസേ, ഇല്ല… ഇല്ല… മരിക്കുന്നില്ല…സഖാവ് വി എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ഞങ്ങളിൽ ഒഴുകും ചോരയിലൂടെ’ എന്നീ മുദ്രാവാക്യങ്ങൾ കടലിരമ്പം പോലെ മുഴങ്ങി. ആയിരങ്ങങ്ങൾക്ക് നടുവിൽ തൊണ്ട ഇടറിയുള്ള ലാൽസലാം വിളികൾ മുഴങ്ങിയപ്പോൾ എ കെ ജി സെന്‍ററിലെ വിഎസിന്‍റെ അവസാന രാവ് കേരളത്തെ കണ്ണീരണിയിച്ചു.

പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങി പാർട്ടിയുടെ മുതിർന്ന നേതാക്കളെല്ലാം വി എസിനെ യാത്രയാക്കാനായി ഒപ്പമുണ്ട്. രാത്രി വൈകി പതിനൊന്നരയോടെ ഇന്നത്തെ പൊതുദർശനം അവസാനിപ്പിച്ച് വി എസിന്‍റെ ഭൗതിക ശരീരം എ കെ ജി സെന്‍ററിൽ നിന്ന് വീട്ടിലേക്ക് മാറ്റി. അങ്ങനെ കേരളത്തിന്‍റെ സ്വന്തം വി എസ്, എ കെ ജി സെന്‍ററിനോട് അവസാനമായൊരു ലാൽസലാം പറഞ്ഞു. തലസ്ഥാനത്ത് നാളെ ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ശേഷം ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം ആലപ്പുഴയിൽ വലിയ ചുടുകാട് ശ്‌മശാനത്തിൽ വൈകിട്ടോടെ സംസ്കാരം നടക്കും.

അതേസമയം കേരളത്തിന്‍റെ ‘വിപ്ലവ സൂര്യൻ’ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അഗാധ ദുഃഖം പ്രകടിപ്പിച്ച് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടക്കമുള്ള രാജ്യത്തെ പ്രമുഖ നേതാക്കളെല്ലാം അഗാധ ദുഃഖം രേഖപ്പെടുത്തി. കേരളത്തിന്റെ ഉന്നമനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാനായ നേതാവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഎസിനെ വിശേഷിപ്പിച്ചത്. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകളുടെ ഊഷ്മള സ്മരണകൾ പങ്കുവെച്ച്, ആ കാലത്തെ ഒരു ചിത്രത്തോടൊപ്പം മലയാളത്തിൽ എഴുതിയ വൈകാരിക കുറിപ്പം പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു. നീണ്ടകാലത്തെ സാമൂഹിക ജീവിതത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കു വേണ്ടി അഹോരാത്രം പ്രയത്നിച്ച വ്യക്തിയെന്നാണ് വി എസിനെ രാഷ്ട്രപതി ദ്രൗപദി മുർമ്മു വിശേഷിപ്പിച്ചത്. കേരളത്തിൻ്റെ വികസനത്തിനും നിർണ്ണായക സംഭാവനകൾ നൽകിയ വ്യക്തിയെന്നും ദ്രൗപദി മുർമ്മു കൂട്ടിച്ചേർത്തു. ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം പ്രയത്നിച്ച നേതാവാണ് വി എസ് എന്നാണ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടത്. ദരിദ്രർക്കും അരികുവല്ക്കരിക്കപ്പെട്ടവർക്കും വേണ്ടി നിലകൊണ്ട നേതാവെന്നും രാഹുൽ വിശേഷിപ്പിച്ചു.

അതിനിടെ വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാരും ആദരം അർപ്പിക്കുമെന്ന് അറിയിച്ചു. സംസ്കാര ചടങ്ങുകളിൽ അന്തിമോപചാരമർപ്പിക്കാൻ പ്രത്യേക പ്രതിനിധിയെ അയക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് 3 ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. ജൂലൈ 22 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സർക്കാർ കെട്ടിടങ്ങളിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്കാരം മറ്റന്നാൾ നടത്താനാണ് തീരുമാനം.

More Stories from this section

family-dental
witywide