
കണ്ണൂര്‍: കല്യാട്ടിൽ കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് അതിക്രൂരമായ നിലയിൽ. കൊലപാതകത്തിൽ സുഹൃത്ത് സിദ്ധരാജു(22)വിനെ സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. സാലിഗ്രാമിലെ ലോഡ്ജില്‍വെച്ച് പെരിയപട്ടണം സ്വദേശിയായ സിദ്ധരാജുവും ദര്‍ഷിതയും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായിരുന്നു.
തുടര്‍ന്ന് ഇയാള്‍ ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് ഉപയോഗിച്ചതെന്നാണ് സൂചന.കര്‍ണാടകയിലെ സ്വന്തം നാടായ ഹുന്‍സുര്‍ ബിലിക്കരെയിലേക്ക് വെളളിയാഴ്ച്ചയാണ് കല്യാട്ടെ വീട്ടില്‍ നിന്ന് ദര്‍ഷിത മകള്‍ അരുന്ധതിയുമൊത്ത് പോയത്. അന്ന് വൈകീട്ടോടെയായിരുന്നു വീട്ടില്‍ മോഷണം നടന്നത്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്. ഭര്‍തൃമാതാവും സഹോദരനുമാണ് കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നത്.
ഇരുവരും ജോലിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. വീടിന്റെ വാതില്‍ക്കല്‍ ചവിട്ടിയുടെ അടിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ച് വാതില്‍ തളളിത്തുറന്നാണ് കളളന്‍ വീടിനകത്ത് കയറിയത്. സ്വർണവും പണവും നഷ്ടപ്പെട്ട ദിവസം തന്നെ ദർഷിത വീട് പൂട്ടി കർണാടകയിലേക്ക് പോയതിനാൽ സ്വർണവും പണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ ഇരിക്കൂര്‍ സി ഐ രാജേഷും സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.