
ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1 (കാന്താര 2), തിയേറ്ററുകളില്‍ നാലാം ആഴ്ചയിലേക്ക് കടന്നു. ഇതിനോടകം നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടാണ് ചിത്രം മുന്നേറ്റം തുടരുന്നത്. ആഭ്യന്തര കളക്ഷനില്‍ 600 കോടി രൂപ കടക്കുന്നതിന് വളരെ അടുത്തെത്തിയിരിക്കുകയാണ് ചിത്രം. ബുധനാഴ്ചത്തെ കണക്കു പ്രകാരം ചിത്രത്തിന്റെ ആഭ്യന്തര വരുമാനം 599.15 കോടി രൂപയായി.

കാന്താര ചാപ്റ്റര്‍ 1; റെക്കോര്‍ഡുകളുടെ പെരുമഴ
സക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഋഷഭ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ 1 ലോകമെമ്പാടുമായി ഏകദേശം 817 കോടി രൂപ നേടി. ഇന്ത്യയില്‍ നിന്നും ഏകദേശം 707 കോടി രൂപയും വിദേശത്തുനിന്നും 110 കോടി രൂപയുമാണ് ചിത്രം കൊയ്തത്. ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ത്തന്നെ 337.4 കോടി രൂപയും, രണ്ടാം ആഴ്ചയില്‍ 147.85 കോടി രൂപയും, മൂന്നാം ആഴ്ചയില്‍ 78.85 കോടി രൂപയും നേടിയിരുന്നു. ലോകമെമ്പാടുമായി ചിത്രം 875 കോടിയിലധികം രൂപ വരുമാനം നേടുമെന്ന് വെബ്സൈറ്റ് പറയുന്നു. ഒക്ടോബര്‍ 31 മുതല്‍ മലയാളം പതിപ്പടക്കം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

തിയേറ്ററുകളില്‍ 2025-ലെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ചിത്രമാണ് കാന്താര. 26 ദിവസത്തിനുള്ളില്‍, എല്ലാ ഭാഷകളിലുമായി ഏകദേശം 3.20 കോടി ടിക്കറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചു. വിക്കി കൗശലിന്റെ ഹിന്ദി ചിത്രം ചാവയുടെ 3.10 കോടി ടിക്കറ്റിനെയാണ് കാന്താര മറികടന്ന് 2025-ലെ ഒന്നാം നമ്പര്‍ ചിത്രമായി മാറിയത്. കാന്താരയുടെ ഹിന്ദി പതിപ്പില്‍ 1 കോടി (10 ദശലക്ഷം) ടിക്കറ്റുകളും കന്നഡ പതിപ്പില്‍ മാത്രം 80 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളില്‍ ഒന്നിച്ച് ഇതുവരെ 1.30 കോടിയിലധികം ടിക്കറ്റുകള്‍ വിറ്റു. ഇതൊന്നും കൂടാതെ, കാന്താര ചാപ്റ്റര്‍ 1 2025 ലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന കളക്ഷനും നേടി. രജനികാന്തിന്റെ കൂലി (65 കോടി രൂപ), പവന്‍ കല്യാണിന്റെ ദേ കോള്‍ ഹിം ഒജി (63.75 കോടി രൂപ) എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.

Kantara 2 ‘breaks’ all records; Domestic box office collection nears Rs 600 crore.















