
രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ കന്നഡ ചിത്രമായ കാന്താര രണ്ടാം ഭാഗം ഒക്ടോബർ രണ്ടിന് തീയേറ്ററിൽ എത്തുന്നു. രാജ്യമൊട്ടാകെ 6000ത്തില്‍ പരം പ്രദര്‍ശനങ്ങളാകും കാന്താര സിനിമയുടെ റിലീസിന് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് ഷെഡ്യൂള്‍ ചെയ്‍തിരിക്കുന്നത്.
കൂടാതെ ഇതിനോടും ബുക്ക് മൈ ഷോയില്‍ 1.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചുവെന്നും 5.47 കോടി രൂപയോളം അഡ്വാൻസായി നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 2ന് ആണ് വേൾഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആരാധകർക്ക് മുന്നിൽ എത്തുക എന്ന് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
കേരളത്തിൽ ചിത്രത്തിൻ്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്ന കാന്താര ആദ്യഭാഗത്തിന്റെയും വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്.