
എഐ യുഗത്തിൽ വൈദഗ്ധ്യം തെളിയിച്ച രണ്ട് ഇന്ത്യൻ വംശജരായ മിടുക്കന്മാർ ടൈം മാഗസിൻ്റെ പേഴ്സൺ ഓഫ് ദി ഇയർ എന്ന സുപ്രധാന ലക്കത്തിൽ ഇടംപിടിച്ചു. ആഗോള AI വളർച്ചയിൽ നിർണായകമായ വ്യക്തികളെക്കുറിച്ചുള്ള ആർട്ടിക്കിളിലാണ് ഇന്ത്യൻ വംശജരായ കരൺദീപ് ആനന്ദും ശ്രീറാം കൃഷ്ണനും ഇടംപിടിച്ചിരിക്കുന്നത്.
ഈ നൂറ്റാണ്ടിലെ ഏറ്റവും പരിവർത്തനാത്മകമായ സാങ്കേതികവിദ്യകളിൽ ഒന്നാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (നിർമ്മിത ബുദ്ധി- AI) . എഐയുടെ ദിശ രൂപപ്പെടുത്തുന്ന മികച്ച ശില്പികളായാണ് കരണദീപിനെയും ശ്രീറാം കൃഷ്ണനെയും ടൈം പട്ടികപ്പെടുത്തിയിരിക്കുന്നത്. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളായി ഇരുവരും പ്രവർത്തിക്കുന്നു, ആനന്ദ് ഒരു എഐ കമ്പനി നടത്തുമ്പോൾ, വൈറ്റ് ഹൗസിൽ നിന്ന് തന്നെ ശ്രീറാം കൃഷ്ണൻ ഒരു രാജ്യത്തിന്റെ എഐ ദർശനത്തിന് അടിത്തറ നൽകുന്നു.
കരൺദീപ് ആനന്ദ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ AI കമ്പാനിയൻ പ്ലാറ്റ്‌ഫോമുകളിൽ ഒന്നായ Character.AI യുടെ സിഇഒയാണ് കരൺദീപ് ആനന്ദ്. ഏകദേശം 20 ദശലക്ഷം സജീവ ഉപയോക്താക്കളെ ആകർഷിക്കുന്ന പ്ലാറ്റ്ഫോമാണ് ഇത്. റോൾ-പ്ലേ ചെയ്യാനും പഠനങ്ങളിൽ സഹായിക്കാനും ആശയങ്ങൾ കൂടുതൽ വ്യക്തമാക്കാനും, വൈകാരിക പിന്തുണ നൽകാനും കഴിയുന്ന വ്യക്തിഗതമാക്കിയ AI കഥാപാത്രങ്ങളെ സൃഷ്ടിക്കാനും അവരുമായി സംഭാഷണം നടത്താനും Character.AI ആളുകളെ അനുവദിക്കുന്നു. വിനോദവും ഉപയോഗക്ഷമതയും സമന്വയിപ്പിക്കുന്ന ഈ പ്ലാറ്റ്‌ഫോം, വർദ്ധിച്ചുവരുന്ന AI-അധിഷ്ഠിത ഡിജിറ്റൽ പരിതസ്ഥിതിയിൽ യുവാക്കൾ എങ്ങനെ സാമൂഹികവൽക്കരിക്കുന്നു, പഠിക്കുന്നു, സ്വയം വളരുന്നു എന്നതിനെ പുനർനിർവചിക്കുന്ന ഒന്നാണ്.
ഐഐടി ഹൈദരാബാദ് (IIITH), നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയുടെ കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയ ആനന്ദ്, ഒരു വ്യവസായ പരിചയസമ്പന്നനാണ്. ക്യാരക്ടർ.എഐയിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം മൈക്രോസോഫ്റ്റിൽ 15 വർഷവും ഫേസ്ബുക്കിൽ 6 വർഷവും ചെലവഴിച്ചു.
ശ്രീറാം കൃഷ്ണൻ
ആനന്ദ് എഐ സൃഷ്ടികളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ, ശ്രീറാം കൃഷ്ണൻ AI ലോകത്തെ പ്രാപ്തമാക്കുന്നതിലും നിയന്ത്രിക്കുന്നതിലും തിളങ്ങുന്ന വ്യക്തിയാണ്. എഐ സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസറായി ഇദ്ദേഹത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് നിയമിച്ചത്. വൈറ്റ് ഹൗസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേഷ്ടാവായി നിയമിതനായ ശ്രീറാം കൃഷ്ണന്‍ സര്‍ക്കാരിലുടനീളം എഐ നയം രൂപപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കയുടെ AI അജണ്ടയുടെ ഒരു പ്രധാന ശബ്ദമായി ഇദ്ദേഹം ഉയർന്നുവന്നിട്ടുണ്ട്.
യുഎസ് ആധിപത്യം ശക്തിപ്പെടുത്തുന്നതിനും തീവ്രമാകുന്ന ആഗോള AI മത്സരത്തിൽ ചൈനയുടെ മുന്നേറ്റങ്ങളെ ചെറുക്കുന്നതിനും ലക്ഷ്യമിട്ടുള്ള അമേരിക്കൻ AI ആക്ഷൻ പ്ലാനിന്റെ പ്രധാന ശില്പിയായിരുന്നു ഇദ്ദേഹം. വൈറ്റ് ഹൗസിലെ നയരൂപീകരണ ജോലിക്ക് പുറമേ, വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സിൽ ജനറൽ പാർട്ണറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2005-ൽ മൈക്രോസോഫ്റ്റിൽ നിന്നാണ് ശ്രീറാം ടെക് ലോകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ട്വിറ്റർ, യാഹൂ!, ഫേസ്ബുക്, സാപ്പ് എന്നീ പ്രമുഖ കമ്പനികളിലും പ്രവർത്തിച്ചു.
ചെന്നൈയിൽ ജനിച്ച ശ്രീറാം കൃഷ്ണൻ തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ കാട്ടാങ്കുളത്തൂരിലുള്ള എസ്ആർഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടി. 2005-ൽ 21-ാം വയസ്സിൽ അദ്ദേഹം യുഎസിലേക്ക് കുടിയേറി. അച്ഛൻ ഇൻഷുറൻസ് ഉദ്യോഗസ്ഥനും അമ്മ വീട്ടമ്മയുമാണ്.
Karandeep Anand and Sriram Krishnan were featured in Time magazine’s Person of the Year














