
തിരുവനന്തപുരം: സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പുകഴ്ത്തിയുള്ള പോസ്റ്റിൽ ദിവ്യ എസ് അയ്യർ ഐ എ എസിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. ദിവ്യ നടത്തിയ പുകഴ്ത്തൽ സർവീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനാണ് പരാതി നൽകിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടർക്കുമാണ് പരാതി നൽകിയിരിക്കുന്നത്.
ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ് പോസ്റ്റ് എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹന്റെ പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ദിവ്യയുടെ പുകഴ്ത്തൽ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയെന്നും വിജിൽ മോഹൻ അഭിപ്രായപ്പെട്ടു. വാക്കുകൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ ചെയ്തതത്. പ്രൊഫഷണൽ അഭിപ്രായം എങ്കിൽ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്നും വിജിൽ മോഹൻ ചോദിച്ചു.
അതിനിടെ സി പി എം മുതിർന്ന നേതാവ് എ കെ ബാലൻ ദിവ്യ എസ് അയ്യരെ വാഴ്ത്തി രംഗത്തെത്തി. ദിവ്യ ബ്യൂറോക്രസിയിലെ ഉണ്ണിയാർച്ചയെന്നാണ് ബാലൻ വിശേഷിപ്പിച്ചത്. ദിവ്യക്കെതിരായ സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു ബാലൻ. ചുരുങ്ങിയ പക്ഷം ഒരു സ്ത്രീയോട് കാട്ടേണ്ട മാന്യത കാട്ടിയില്ല. സഹപ്രവർത്തകനായ ശബരിനാഥന്റെ ഭാര്യയാണെന്ന് ഓർക്കണമായിരുന്നു. കാർത്തികേയന്റെ മരുമകളാണെന്ന പരിഗണനയും നൽകിയില്ല. അവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടതാണ്. കെ മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷയെന്നും ബാലൻ വിമർശിച്ചു
Divya S Iyer, KK Ragesh, Youth Congress, complaint,