ബംഗളൂരു: സൈബർ തട്ടിപ്പിൽ കർണാടകത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഷ്ടമായത് 5,474 കോടിയെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. നിയമസഭയിൽ സംസ്ഥാനത്ത് ഉയർന്നുവരുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ച് സംസാരിക്കവേയാണ് ജി പരമേശ്വര ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 2023ൽ 22,255ഉം, 2024ൽ 22,47820, 20250 13,000 കേസുകളാണ് സൈബർ തട്ടിപ്പുകളിൽ രജിസ്റ്റർ ചെയ്‌തത്. ഇതിൽ 2023ൽ 873.29 കോടി രൂപയും 2024ൽ 2,562.63 കോടി രൂപയും ഈ വർഷം 2,038.84 കോടി രൂപയുമാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്. മൂന്ന് വർഷത്തെ ആകെ നഷ്ടം 5,474.76 കോടി രൂപയാണ്. ഔദ്യോഗിക കണക്കനുസരിച്ച് സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന നിരക്ക് കുറഞ്ഞു വരുന്നു. എന്നാൽ 2023 ൽ രജിസ്റ്റർ ചെയ്ത് 6,159 കേസുകളും 2024 ൽ 3,549 കേസുകളും 2025 ൽ ഇതുവരെ വെറും 1,009 കേസുകൾക്കും മാത്രമാണ് പരിഹാരമായിരിക്കുന്നത്.
സംസ്ഥാനത്തുടനീളം ഇൻ്റർനെറ്റ് ഉപയോക്താക്കളുടെ പെട്ടന്നുള്ള വർധന, പൗരന്മാർക്കിടയിലെ ഡിജിറ്റൽ സാക്ഷരതയുടെയും അവബോധത്തിന്റെയും അഭാവം തുടങ്ങിവയാണ് സൈബർ തട്ടിപ്പുകൾ വർധിക്കാൻ കാരണമെന്നും ട്രാക്കിങ് ഒഴിവാക്കാൻ വിപിഎൻ, എൻക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കുന്ന പ്ലാറ്റ്ഫോമുകൾ, ഡാർക്ക്-വെബ് തുടങ്ങിയ ഉപകരണങ്ങളാണ് കുറ്റവാളികൾ ഉപയോഗിക്കുന്നത്. ഡിജിറ്റൽ പേയ്മെന്റ്റ് സംവിധാനങ്ങളുടെ വികാസവും തട്ടിപ്പിന് വഴിയൊരുക്കിയെന്നും ജി പരമേശ്വര നിയമസഭയിൽ വ്യക്തമാക്കി.
Karnataka caught in cyber fraud; Rs 5,474 crore lost in three years










