കെസി വേണുഗോപാൽ ഇടപെട്ടു, ബുൾഡോസർ വിവാദത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ, ‘പുനരധിവാസം ഉറപ്പാക്കുമെന്നും പ്രഖ്യാപനം’

ബെംഗളൂരു യെലഹങ്കയിൽ ബുൾഡോസർ വിവാദത്തിൽ അടിയന്തര ചർച്ചകൾക്കായി കർണാടക മുഖ്യമന്ത്രി യോഗം വിളിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകുന്നേരമാണ് യോഗം നടക്കുക. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. എഐസിസി നിർദേശപ്രകാരം കെ സി വേണുഗോപാലിന്‍റെ ഇടപെടലിനെ തുടർന്നാണ് സർക്കാരിൻ്റെ ഇടപെടൽ. ബുൾഡോസർ കുടിയൊഴിപ്പിക്കൽ നടപടി വലിയ രാഷ്ട്രീയ വിവാദമായതോടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദീകരണവുമായും രംഗത്തെത്തി. മാലിന്യ സംസ്‌കരണത്തിനായി നീക്കിവെച്ചിട്ടുള്ള സ്ഥലത്തെ അനധികൃത നിർമ്മാണങ്ങളാണ് നീക്കം ചെയ്തതെന്നും, ഇത് നിയമപരമായ നടപടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യൻ മോഡൽ ‘ബുൾഡോസർ നീതി’യാണ് കർണാടകയിൽ നടപ്പിലാക്കുന്നതെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയടക്കം വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും വസ്തുതകൾ മനസ്സിലാക്കാതെയാണ് അദ്ദേഹം പ്രതികരിക്കുന്നതെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണെന്നും അവർക്ക് മാനുഷിക പരിഗണന നൽകി ഭക്ഷണവും താൽക്കാലിക താമസസൗകര്യവും ഒരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. താമസിക്കാൻ ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്താണ് ഇവർ കഴിഞ്ഞിരുന്നതെന്നും പലതവണ നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ എഐസിസി നേതൃത്വം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ, കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അർഹമായ പുനരധിവാസം ഉറപ്പാക്കുമെന്ന് സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഉറപ്പുനൽകി.

യെലഹങ്കയിലെ ഫക്കീർ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളിലായി മുന്നൂറോളം വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്. ശൈത്യകാലത്ത് മുന്നറിയിപ്പില്ലാതെ പുലർച്ചെ നാലുമണിക്ക് നടത്തിയ ഈ നടപടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് തെരുവിലായത്. 30 വർഷത്തോളമായി താമസിക്കുന്നവരെയാണ് കുടിയൊഴിപ്പിച്ചതെന്നും തിരിച്ചറിയൽ രേഖകളും മറ്റും എടുക്കാൻ പോലും സമയം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ബുൾഡോസർ രാജ് കോൺഗ്രസ് ഭരണത്തിന് കീഴിലും ആവർത്തിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

More Stories from this section

family-dental
witywide