
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. ടിവികെ അധ്യക്ഷൻ വിജയ്‌യെ രൂക്ഷമായി വിമർശിച്ച കോടതി, ഈ ദുരന്തത്തെ മനുഷ്യനിർമിതമായ വിപത്തായി വിശേഷിപ്പിച്ചു. കുട്ടികളടക്കം മരണമടഞ്ഞിട്ടും വിജയ് സംഭവസ്ഥലം വിട്ടുപോയെന്നും, അണികളെ ഉപേക്ഷിച്ച് പോകുന്നയാൾക്ക് നേതൃഗുണം ഇല്ലെന്നും കോടതി കുറ്റപ്പെടുത്തി. ഇത്തരമൊരു രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവത്തെ കോടതി ശക്തമായി അപലപിച്ചു. ദുരന്തത്തിന്റെ ഉത്തരവാദിത്തം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘം, സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
വിജയ്ക്കെതിരെ ഹൈക്കോടതി നടത്തിയത് അതിരൂക്ഷ വിമർശനം
കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് പറഞ്ഞുകൊണ്ടാണ് മദ്രാസ് ഹൈക്കോടതി വിജയ്ക്കെതിരെ വിമർശനം അഴിച്ചുവിട്ടത്. കുട്ടികളടക്കം മരിച്ചി വീണപ്പോൾ സ്ഥലം വിട്ടയാൾക്ക് ഒരു നേതാവിന്റെ ഗുണങ്ങൾ ഇല്ലെന്നടക്കം കോടതി വിമർശിച്ചു. സ്വന്തം അണികളെ ഉപേക്ഷിച്ച് ഓടിപ്പോയ നേതാവിന്റെ മനോനില എന്താണെന്ന് വ്യക്തമാണ്. ഇത്തരം പാർട്ടി എന്ത് രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. സ്ത്രീകളും കുട്ടികളും മരിച്ചപ്പോൾ സംഭവസ്ഥലത്ത് നിന്ന് അപ്രത്യക്ഷനാകാൻ വിജയ്ക്ക് എങ്ങനെ സാധിച്ചെന്നും കോടതി ചോദിച്ചു. ലോകം മുഴുവൻ കണ്ട ദുരന്തത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയെങ്കിലും, വിജയ് ഖേദപ്രകടനമോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വന്തം അണികൾ മരിച്ചുകിടക്കുമ്പോൾ ഒരു നേതാവിന് എങ്ങനെ ഉത്തരവാദിത്തം ഉപേക്ഷിച്ച് അപ്രത്യക്ഷനാകാൻ സാധിക്കുമെന്നും കോടതി ചോദിച്ചു.












