
കരൂർ: കരൂർ ദുരന്തത്തെ തുടർന്ന് രാഹുൽ ഗാന്ധി നടനും രാഷ്ട്രീയ നേതാവുമായ വിജയിയെ വിളിച്ചത് വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളോടൊപ്പം കരൂരിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരുടെ കുടുംബങ്ങളെ കണ്ട് ആശ്വാസം പകർന്ന കോൺഗ്രസ്, ദുരന്തത്തിൽ രാഷ്ട്രീയം കലർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ദുഃഖത്തിൽ പങ്കുചേരുകയാണ് ലക്ഷ്യമെന്നും വേണുഗോപാൽ അറിയിച്ചു.
41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ഉത്തരവാദികളെ കണ്ടെത്തേണ്ട സമയമല്ല ഇതെന്നും മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി ആദ്യം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയാണ് വിളിച്ചതെന്നും തമിഴ്നാടിനോട് എപ്പോഴും സ്നേഹം പുലർത്തുന്ന നേതാവാണ് അദ്ദേഹമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. വിവാദങ്ങൾക്ക് ഇടംനൽകാതെ, ദുരന്തബാധിതർക്ക് പിന്തുണ നൽകാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.