
കരൂർ ദുരന്തത്തെ തുടർന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്. മദ്രാസ് ഹൈക്കോടതി പരാമർശത്തിന് പിന്നാലെയാണ് പൊലീസ് നടപടി. വിജയ് യുടെ കാരവാൻ സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതും ഹൈക്കോടതി ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിരുന്നു. ഉത്തരവിൽ കാരവാൻ പിടിച്ചെടുക്കണമെന്നും വാഹനത്തിൻ്റെ ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളിയ ഹൈകോടതി ഐപിഎസ് ഉദ്യോഗസ്ഥയായ അശ്ര ഗർഗിന് അന്വേഷണ ചുമതല നൽകി പ്രത്യേക സംഘത്തെ (എസ്ഐടി) നിയോഗിച്ചിരുന്നു. ദുരന്തസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കണമെന്നും കരൂർ എസ്ഐയുടെ കൈയിലുള്ള രേഖകൾ എല്ലാം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു.
അതേസമയം, ഉത്തരവിൽ കരൂരിൽ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവാത്ത വിജയ്ക്കെതിരെയും വിമർശനമുണ്ട്. വിജയ് ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല. മനുഷ്യജീവന് ടിവികെ നൽകുന്ന വില എന്തെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. വിജയ്‌യുടെ ഒളിച്ചോട്ടത്തിൽ അപലപിക്കുകയാണെന്നും കോടതി പറഞ്ഞു.