കരൂർ ദുരന്തം: ഡിഎംകെ ഗൂഢാലോചന ആരോപിച്ച് ടി വി കെ; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം

ചെന്നൈ: കരൂരിൽ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 40 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഡി എം കെ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. കേസ് സിബിഐക്ക് കൈമാറണമെന്നോ അല്ലെങ്കിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കണമെന്നോ ആവശ്യപ്പെട്ട് പാർട്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായി ടി വി കെ അഭിഭാഷകൻ അരൈവഴകൻ ദേശീയ മാധ്യമമായ എൻ ഡി ടി വിയോട് പറഞ്ഞു. സംഭവത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു എന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അരൈവഴകൻ തള്ളി.

“കരൂർ സംഭവത്തിന് പിന്നിൽ ഒരു ഗൂഢാലോചനയുണ്ട്, അതൊരു ക്രിമിനൽ ഗൂഢാലോചനയാണ്. അതിനാൽ സംസ്ഥാന ഏജൻസിയല്ല, കോടതി തന്നെ വിഷയത്തിൽ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്ന് ഞങ്ങൾ ഹൈക്കോടതിയിൽ അഭ്യർത്ഥിച്ചു” – ടി.വി.കെ.യുടെ നിയമ വിഭാഗം സംസ്ഥാന കോർഡിനേറ്റർ കൂടിയായ അരൈവഴകൻ പറഞ്ഞു. കോടതി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കയോ, അല്ലെങ്കിൽ തമിഴ്‌നാട് പോലീസിൽ നിന്ന് കേസ് സിബിഐക്ക് കൈമാറുകയോ ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന പോലീസിന്റെ അന്വേഷണത്തിൽ ടി വി കെക്ക് വിശ്വാസമില്ലേയെന്ന ചോദ്യത്തിന്, അവിടെ ഒരു ക്രിമിനൽ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും കരൂർ ജില്ലയിലെ ഭരണകക്ഷിയുടെ ചില ഭാരവാഹികൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് എന്നുമായിരുന്നു അഭിഭാഷകന്റെ മറുപടി.

More Stories from this section

family-dental
witywide