തമിഴ്നാട് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളോട് കാലിൽ തൊട്ട് മാപ്പ് ചോദിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇന്നലെ മഹാബലിപുരത്ത് ഒമ്പത് മണിക്കൂർ നീണ്ട ദുരന്തബാധിതരുമായുള്ള കൂടിക്കാഴ്ചയിലാണ് വിജയ് മാപ്പ് ചോദിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, കരൂരിലേക്ക് പോകാതെ ദുരന്തബാധിതരെ ചെന്നൈയിലേക്ക് എത്തിച്ചതിനെ ഡിഎംകെ നേതാക്കളടക്കം വിമർശിച്ചു.
ഇന്നലെ മഹാബലിപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിജയ് മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. മരിച്ചവരുടെ ചിത്രം കണ്ടപ്പോൾ വിജയ് കരഞ്ഞു. കരൂരിൽ നേരിട്ട് വരാൻ ആകാത്തതിലും വിജയ് മാപ്പ് ചോദിച്ചു. കരൂര്‍ ദുരന്തമുണ്ടായി ഒരു മാസം ആകുമ്പോഴാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരുക്കേറ്റവരേയും വിജയ് കാണുന്നത്.
വിജയ് പൊതുജനങ്ങളുമായി സംവേദിക്കുന്ന ടിവികെയുടെ റാലി സെപ്റ്റംബർ 27നായിരുന്നു കരൂരിലെത്തിയത്. റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയ 41 പേരായിരുന്നു തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു.
Karur tragedy: Vijay apologizes to relatives of deceased by touching their feet















