കരുവന്നൂരിൽ നിക്ഷേപകർക്ക് ആശ്വാസം, പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്തുകൾ നിക്ഷേപകർക്ക് നൽകാൻ തീരുമാനിച്ച് ഇഡി

തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനരയായവർക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിൽ നിന്നും ആശ്വാസ വാർത്ത. തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്നും കണ്ടുകെട്ടിയ സ്വത്തുക്കള്‍ നിക്ഷേപകര്‍ക്ക് തിരിച്ച് നൽകാൻ ഇ ഡി തീരൂമാനിച്ചു. ഇക്കാര്യം കൊച്ചിയിലെ കോടതിയെ ഇ ഡി അറിയിച്ചു. പ്രതികളുടെ 128 കോടിയുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുകെട്ടിയിരുന്നത്. ഇത് നിക്ഷേപകർക്ക് നൽകാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഇ ഡി അറിയിച്ചതോടെ ബാങ്കിനും 55 പ്രതികള്‍ക്കും കലൂര്‍ പിഎംഎല്‍എ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ഇ.ഡി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇ.ഡി നിലപാട് അറിയിച്ചിട്ടും സ്വത്തുക്കള്‍ സ്വീകരിക്കുന്നതില്‍ ബാങ്ക് മറുപടി നല്‍കാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇ.ഡി കോടതിയെ സമീപിച്ചത്. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. പിഎംഎൽഎ നിയമത്തിൽ ഇത് പറയുന്നില്ലെന്നും, നിയമത്തിലില്ലാത്തതാണ് ഇത്തരം നടപടിയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആയതിനാൽ കേസുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതിയുടെ നിർദേശിച്ചു. കേസ് ഈ മാസം 27 ന് കോടതി വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide