ചാർളി കിർക്ക് കൊല്ലപ്പെട്ട ദിവസം കാശ് പട്ടേൽ ആഡംബര ഹോട്ടലിൽ; എഫ്ബിഐ മേധാവി സ്ഥാനം നഷ്ടപ്പെടുമെന്ന് റിപ്പോർട്ടുകൾ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയും വലതുപക്ഷ ചിന്തകനുമായ ചാർളി കിർക്കിന്റെ വധവുമായി ബന്ധപ്പെട്ട് അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഡയറക്‌ടറും ഇന്ത്യൻ വംശജനുമായ കാശ് പട്ടേലിനെ പുറത്താക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപുമായും പട്ടേലുമായും അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ചാണ് ഫോക്സ് ന്യൂസിന്റെ റിപ്പോർട്ട്.

പട്ടേലിന്റെ ഭാഗത്തു നിന്ന് ചാർളി കിർക്കിൻ്റെ കൊലയാളിക്കായുള്ള തിരച്ചിലിനിടെ പാളിച്ച സംഭവിച്ചുവെന്ന് വൈറ്റ് ഹൗസ് കരുതുന്നുണ്ട്. കിർക്കിന്റെ കൊലപാതകം നടന്ന രാത്രിയിൽ പട്ടേൽ വ്യക്തിപരമായി എവിടെയായിരുന്നു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വെടിവയ്പ്പിന് മണിക്കൂറുകൾക്ക് ശേഷം, ന്യൂയോർക്ക് സിറ്റിയിലെ പ്രശസ്തമായ റാവോസ് റെസ്റ്റോറൻ്റിൽ പട്ടേൽ അത്താഴം കഴിച്ചുവെന്നാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെവെച്ചാണ് ചാർളി കിർക്കിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ‘പ്രതി’ പിടിയലാണെന്ന് കാശ് പട്ടേൽ ഓൺലൈനിൽ പ്രഖ്യാപിച്ചത്. എന്നാൽ, പൊലീസിൻ്റെ കീഴിൽ വെടിവെച്ചയാൾ കസ്റ്റഡിയിൽ ആയിരുന്നില്ല. കസ്റ്റഡിയിലെടുത്തിരുന്ന രണ്ടുപേരെയും പെട്ടെന്ന് വിട്ടയച്ചു. യഥാർത്ഥ തോക്കുധാരി ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു.

തിരച്ചിൽ തുടർന്നപ്പോൾ, സംശയിക്കുന്നയാളുടെ ഫോട്ടോ പെട്ടെന്ന് കാണിച്ചില്ലെന്നതുൾപ്പെടെ, തന്നെ കാര്യങ്ങൾ അറിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് എഫ്ബിഐ ഉദ്യോഗസ്ഥരോട് പട്ടേൽ ദേഷ്യപ്പെട്ടുവെന്നും പറയുന്നു. പട്ടേൽ, ബോണ്ടി, അവരുടെ ഏജൻസികൾ എന്നിവർക്കെതിരെ കിർക്കിന് വെടിയേറ്റ അതേ ദിവസം, ശുദ്ധീകരണത്തിൻ്റെ ഭാഗമായി തങ്ങളെ നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന് ആരോപിച്ച് മൂന്ന് മുൻ ഉന്നത എഫ്ബിഐ ഉദ്യോഗസ്ഥർ കേസ് ഫയൽ ചെയ്തിരുന്നു. പ്രസിഡന്റിന് മാത്രമുള്ള അധികാരം പട്ടേൽ പ്രയോഗിച്ചുവെന്നതാണ് ഇവരുടെ ആരോപണം.

അതേസമയം, കാശ് പട്ടേലിനെ ഡയറക്‌ടർ സ്ഥാനത്തുനിന്ന് നീക്കാൻ പദ്ധതികളില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പകരം ഭരണകൂടത്തിലെ മറ്റൊരു പദവിയിലേക്ക് മാറ്റുമെന്നും അഭ്യൂഹമുണ്ട്. പട്ടേലിൻ്റെ മുൻകാല പ്രകടനങ്ങളിൽ യുഎസ് പ്രസിഡന്റിന് അതൃപ്തിയുണ്ടായിരുന്നുവെന്ന് ട്രംപുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞുവെന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

More Stories from this section

family-dental
witywide