ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട് നൽകി. റെയിൽവേ സേഫ്റ്റി കമ്മീഷണർ എ എം ചൗധരിയാണ് റിപ്പോർട്ട് നൽകിയത്. ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിലിടിച്ചത് യന്ത്ര തകരാറോ പെട്ടെന്നുള്ള തകരാറോടെ കാരണമല്ല മറിച്ച് ബോധപൂർവ്വം ബോൾട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വർധിപ്പിക്കണമെന്ന് നിർദേശം നൽകി. കരാർ ജീവനക്കാർ അടക്കം റെയിൽവെയുമായി ബന്ധപ്പെട്ടവരുടെ മേൽ നിരീക്ഷണം ശക്തമാക്കണമെന്നും ശുപാർശയുണ്ട്. പൈലറ്റിന്റെ അസാധാരണമായ മനോധൈര്യത്തെ സേഫ്റ്റി കമ്മീഷണർ അഭിനന്ദിച്ചു.
ലോക്കോ പൈലറ്റ് ജി സുബ്രമണി എമർജൻസി ബ്രേക്ക് പ്രയോഗിച്ചു. ഇത് ട്രെയിനിന്റെ വേഗത കുറയ്ക്കുകയും കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ അഭിനന്ദനാർഹമായ ഈ പ്രവൃത്തിക്ക് റെയിൽവെ അർഹിക്കുന്ന അംഗീകാരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2024 ഒക്ടോബർ 11നാണ് അപകടം ഉണ്ടായത്. മൈസൂരു -ദർഭംഗ ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ട ചരക്കു ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. 13 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിനു പിന്നാലെ എൻഐഎ പരിശോധന നടത്തിയിരുന്നു












