
ന്യൂഡല്‍ഹി: ബിഹാറിലെ കനത്ത തോല്‍വി വിശ്വസിക്കാനാകാതെയും ഞെട്ടല്‍ മാറാതെയും കോണ്‍ഗ്രസ് നേതാക്കളും ഇന്ത്യാ സഖ്യവും. ബിഹാറില്‍ വോട്ടുകൊള്ളയാണ് നടന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. തോല്‍വി വിലയിരുത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നേതാക്കളുടെ യോഗം ചേര്‍ന്നു. തേജസ്വിയുമായി രാഹുല്‍ സംസാരിച്ചെന്നും ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്ന ഫലമല്ല ബിഹാറില്‍ ഉണ്ടായിരിക്കുന്നതെന്നും സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.
ബിഹാറിലെ കൃത്യമായ ഡേറ്റ ശേഖരിക്കുകയാണെന്നും ഘടകക്ഷികളുമായി സംസാരിച്ച് കൃത്യമായ തെളിവുമായി വരുമെന്നും. ബിഹാറില്‍ വോട്ടു കൊള്ള നടന്നതില്‍ തര്‍ക്കമില്ലെന്നും വോട്ടിങില്‍ കൃത്രിമത്വം നടന്നുവെന്നും കെ.സി അടക്കമുള്ള നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തിരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ട് പറയുന്നതല്ലെന്നും 90 ശതമാനത്തില്‍ അധികം സ്‌ട്രൈക്ക് റേറ്റ് ഇന്ദിരാഗാന്ധിയുടെ മരണശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പോലും ഉണ്ടായിട്ടില്ലെന്നും കെസി ചൂണ്ടിക്കാട്ടി.
”ഹരിയാനയിലെ വോട്ടുകൊള്ളയെക്കുറിച്ച് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. 19 കേസുകള്‍ ഹരിയാനയിലെ കോടതിയിലുണ്ട്. നിയമപരമായി അവിടെ പോരാടുകയാണ്. കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കിയിട്ടില്ല”- കെസി വേണുഗോപാല്‍ വ്യക്തമാക്കി.
ബിഹാറില്‍ എന്‍ഡിഎ സഖ്യം 243 അംഗ നിയമസഭയില്‍ 202 സീറ്റും തൂത്തുവാരിയാണ് ഭരണം നിലനിര്‍ത്തിയത്. ഇന്ത്യാ സഖ്യത്തിനാകട്ടെ ആകെ 35 സീറ്റാണ് ലഭിച്ചത്. കഴിഞ്ഞ തവണ 19 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ 6 സീറ്റില്‍ ഒതുങ്ങേണ്ടിയും വന്നു.
KC Venugopal says Bihar results are not trustworthy















