
തിരുവനന്തപുരം: ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ എഞ്ചിയിനയറിങ് പ്രവേശനത്തിനുള്ള പുതിയ കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിൽ മാറ്റമില്ല. 76230 പേരാണ് എഞ്ചിയിനയറിങ് പ്രവേശനത്തിനായി യോഗ്യത നേടിയത്. കേരള സിലബസിലെ വിദ്യാർഥികൾ പുതുക്കിയ ലിസ്റ്റിൽ പിന്നിലാണ്. ആദ്യ 100 റാങ്കിൽ 21 പേര് മാത്രമാണ് കേരള സിലബസിൽ നിന്നുള്ളത്. ആദ്യം പുറത്തിറക്കിയ ലിസ്റ്റിൽ ആദ്യ 100 റാങ്കിൽ കേരള സിലബസിൽ നിന്നുള്ള 43 പേർ ഉൾപ്പെട്ടിരുന്നു.
ഒന്നാം റാങ്ക് അടക്കം വലിയ മാറ്റമാണ് പുതിയ റാങ്ക് പട്ടികയിലുള്ളത്. സിബിഎസ്ഇ സിലബസ് പഠിച്ച ജോഷ്വാ ജേക്കബ് തോമസ്, പഴയ പട്ടികയില്‍ അഞ്ചാം റാങ്കുകാരനായിരുന്നു. പഴയ ലിസ്റ്റില്‍ കേരള സിലബസിലെ വിദ്യാർഥി എറണാകുളം സ്വദേശി ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പുതിയ പട്ടികയിൽ ജോണിന് ഏഴാം റാങ്കാണ്.
എറണാകുളം സ്വദേശി ഹരികിഷൻ ബൈജു രണ്ടാം റാങ്കും, തിരുവനന്തപുരം സ്വദേശി എമില്‍ ഐപ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി. തീരൂരങ്ങാടി സ്വദേശി അദല്‍ സയാന്‍ (4), ബെംഗളൂരു സ്വദേശി അദ്വൈത് അയിനിപ്പള്ളി (5), ബെംഗളുരു സ്വദേശി അനന്യ രാജീവ് (6), എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് (7), കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു (8), കോഴിക്കോട് സ്വദേശി അച്യുത് വിനോദ് (9), കോഴിക്കോട് സ്വദേശി അന്‍മോല്‍ ബൈജു (10) എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.