
ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ കേദാർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തിവെച്ചു. ജംഗൽചട്ടി, ഭീംബലി മേഖലയിലാണ് ഉരുൾപ്പൊട്ടൽ ഉണ്ട3ായത്. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇനി പ്രവേശനം ഉണ്ടായിരിക്കില്ല. പ്രദേശത്ത് രുദ്രപ്രയാഗിലെ എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഉദ്യോഗസ്ഥർ അടിയന്തര ജാഗ്രതാ നിർദേശം നൽകി.
മണ്ണിടിച്ചിലിനെ തുടർന്ന് പാതയിൽ ചെളിയും പാറകളും അടിഞ്ഞുകൂടിയിരുന്നുവെന്നും തീർത്ഥാടകരുടെയും കാൽനട പാതയിലുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാൻ ട്രെക്ക് റൂട്ട് താത്കാലികമായി അടച്ചുവെന്നും പാതയിൽ അടിഞ്ഞുകൂടിയിട്ടുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പിഡബ്ല്യുഡി ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും ഗുപ്തകാശിയിലെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനയ് ജിങ്ക്വാൻ പറഞ്ഞു. കേദാർനാഥിൽ നിന്ന് മടങ്ങുന്ന തീർത്ഥാടകരെ സോൻപ്രയാഗിലേക്കാണ് നിലവിൽ കടത്തി വിടുന്നത്. പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുകയാണ്. ഉരുൾപൊട്ടലിൽ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും രണ്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.