
കേരള എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് എക്സാം ( കീം) 2025 ലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് വെച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഫലപ്രഖ്യാപനം നടത്തി. എന്‍ജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് വട്ടക്കുഴിയില്‍ ഹൗസില്‍ ജോണ്‍ ഷിനോജിനാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരില്‍ ഹൗസില്‍ ഹരികൃഷ്ണനും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജുവും നേടി.ആദ്യ 10 റാങ്കില്‍ ഒന്‍പതും ആണ്‍കുട്ടികളാണ് നേടിയത്.
എസ്‌സി വിഭാഗത്തില്‍ കാസര്‍കോട് നീലേശ്വരം സ്വദേശി ഹൃദിന്‍ എസ് ബിജു ഒന്നാം റാങ്ക് നേടി.എസ് ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ശബരിനാഥ് കെഎസ് രണ്ടാം റാങ്ക് നേടി. ഫാര്‍മസിയില്‍ ആലപ്പുഴ സ്വദേശി അനഘ അനില്‍ ഒന്നാം റാങ്ക് നേടി. എന്‍ജിനീയറിങ്ങില്‍ ആദ്യ 100 റാങ്കില്‍ 43 പേരും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരാണ്.
86,549 പേരാണ് ആകെ പരീക്ഷ എഴുതിയതിൽ 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാര്‍ക്ക് വിവരം സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാര്‍മസി എന്‍ട്രന്‍സ് വിഭാഗത്തില്‍ 33,425 പേര് പരീക്ഷ എഴുതിയതിൽ 27,841പേരും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ ബോര്‍ഡുകള്‍ പ്ലസ്ടുവിന് നല്‍കുന്ന മാര്‍ക്ക് സമീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്ന തമിഴ്‌നാട് മാതൃക കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതില്‍ സ്വീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.