ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ ഊഷ്മള വരവേൽപ്പ്; ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താൻ മോദി-സ്റ്റാർമർ കൂടിക്കാഴ്ച ഇന്ന്; ‘വിസ നിയമങ്ങളിൽ മാറ്റമില്ല’

ഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്റ്റാർമർക്ക് ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിണ്ടെ, അജിത് പവാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മുംബൈയിൽ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച സ്റ്റാർമർ, യാഷ് രാജ് ഫിലിം സ്റ്റുഡിയോയിൽ ബോളിവുഡ് താരം റാണി മുഖർജിയുമായി കൂടിക്കാഴ്ച നടത്തി. 2026-ന്റെ തുടക്കത്തിൽ യുകെയിൽ മൂന്ന് പ്രധാന ചലച്ചിത്രങ്ങൾ ചിത്രീകരിക്കാൻ യാഷ് രാജ് ഫിലിംസ് പദ്ധതിയിടുന്നതായി അദ്ദേഹത്തെ അറിയിച്ചു. എന്നാൽ, ഇന്ത്യക്കാർക്കുള്ള വിസ നിയമങ്ങളിൽ ലഘൂകരണമോ കൂടുതൽ വിസ അനുവദിക്കലോ ഉണ്ടാകില്ലെന്ന് സ്റ്റാർമർ വ്യക്തമാക്കി.

മുംബൈയിലെ രാജ്ഭവനിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്റ്റാർമർ കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങൾ ഉൾക്കൊള്ളുന്ന ‘വിഷൻ 2035’ എന്ന 10 വർഷത്തെ സമഗ്ര പദ്ധതിയെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്യും. ജൂലൈയിൽ ഒപ്പുവെച്ച ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിന്റെ നടപ്പാക്കൽ പരമാവധി വേഗത്തിലാക്കാനുള്ള ശ്രമങ്ങളും ചർച്ചയിൽ ഉണ്ടാകും. മുംബൈയിൽ നടക്കുന്ന ആറാമത് ആഗോള ഫിൻടെക് ഫെസ്റ്റിൽ മോദിയും സ്റ്റാർമറും ഒരുമിച്ച് അഭിസംബോധന നടത്തും.

ജൂലൈയിൽ പ്രധാനമന്ത്രി മോദി യുകെ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് സ്റ്റാർമറുടെ ഇന്ത്യാ സന്ദർശനം. മുംബൈയിലെ വ്യവസായ-വാണിജ്യ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര സഹകരണം വർധിപ്പിക്കുന്നതിനും ഈ സന്ദർശനം നിർണായകമാകുമെന്നാണ് പ്രതീക്ഷ. വ്യാപാര കരാർ വേഗത്തിൽ നടപ്പാക്കാനുള്ള പ്രതിബദ്ധത സ്റ്റാർമർ ആവർത്തിച്ചു, എന്നാൽ വിസ നിയമങ്ങളിൽ മാറ്റമില്ലെന്ന നിലപാട് ഇന്ത്യക്കാർക്കിടയിൽ ചർച്ചയാകാനിടയുണ്ട്.

More Stories from this section

family-dental
witywide