
വാഷിംഗ്ടൺ: വാഷിംഗ്ടണിലെ പ്രശസ്ത കെന്നഡി സെന്ററിന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കൂടി ചേർത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രമുഖ ജാസ് സംഗീതജ്ഞനായ ചക്ക് റെഡ് ക്രിസ്മസ് ഈവ് ‘ജാസ് ജാം’ പ്രകടനം റദ്ദാക്കി. ഈ ദേശീയ കലാകേന്ദ്രത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാൻ ട്രംപ് ചെയ്ത അസാധാരണ ഇടപെടലുകളെ ആദരിക്കാനാണ് പേര് മാറ്റം വരുത്തിയതെന്നാണ് അധികൃതരുടെ വാദം. എന്നാൽ ഇതിനെതിരെ അവസാന നിമിഷം പിന്മാറിയ ചക്ക് റെഡിന്റെ നടപടിയെ കെന്നഡി സെന്റർ പ്രസിഡന്റ് റിച്ചാർഡ് ഗ്രെനൽ ശക്തമായി വിമർശിച്ചു.
രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം ലാഭരഹിത കലാസ്ഥാപനത്തിന് ഗണ്യമായ സാമ്പത്തിക നഷ്ടം വരുത്തിയെന്നും ഇത് സഹിഷ്ണുതയുടെ അഭാവമാണെന്നും ഗ്രെനൽ ആരോപിച്ചു. സംഗീതജ്ഞന്റെ പെട്ടെന്നുള്ള പിൻമാറ്റം മൂലമുണ്ടായ നഷ്ടത്തിന് ഒരു മില്യൺ ഡോളർ നഷ്ടപരിഹാരം തേടുമെന്ന് ഗ്രെനൽ അയച്ച കത്തിൽ വ്യക്തമാക്കി.
2006 മുതൽ കെന്നഡി സെന്ററിലെ ജനപ്രിയ ശൈത്യകാല ‘ജാസ് ജാം’ പരിപാടികൾക്ക് നേതൃത്വം വഹിച്ചുവരുന്നയാളാണ് ചക്ക് റെഡ്. പേര് മാറ്റത്തിന്റെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് അദ്ദേഹം ഇമെയിൽ വഴി അറിയിച്ചു. അതിനിടെ, നഷ്ടപരിഹാര ആവശ്യത്തിനോ കത്തിലെ വിമർശനങ്ങൾക്കോ ചക്ക് റെഡ് ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.














