വിനോദസഞ്ചാരികളുമായി പറന്ന കെനിയൻ വിമാനം തകര്‍ന്നുവീണ് 12 ജീവൻ നഷ്ടം. നെയ്‌റോബിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, കെനിയയിലെ ക്വാലെ കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ടിസിംബ ഗോലിനി പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ 8:30 ഓടെ ചെറുവിമാനമാണ് തകർന്നുവീണത്. ഈ ദാരുണ സംഭവത്തിൽ കുറഞ്ഞത് 12 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും വിദേശ വിനോദസഞ്ചാരികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദിയാനി എന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് കിച്‌വ ടെംബോയിലേക്ക് പുറപ്പെട്ട 5Y-സിസിഎ രജിസ്ട്രേഷൻ നമ്പർ ഉള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. ദുരന്ത വാർത്ത പുറത്തുവന്ന ഉടനെ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനാവശിഷ്ടങ്ങളിൽ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും മോശം കാലാവസ്ഥയാണ് പ്രധാന ഘടകമെന്ന് പ്രാഥമിക അനുമാനം. അധികൃതർ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














