തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വിധി കുറിക്കാൻ കേരളം, തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് ബൂത്തിലെത്തും, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; ജില്ലകളിൽ അവധി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വിധിയെഴുതാൻ 7 ജില്ലകൾ ഇന്ന് പോളിംഗ് ബൂത്തിലെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ് വിധി കുറിക്കാൻ ഇന്ന് പോളിംഗ് ബൂത്തിലെത്തുക. രാവിലെ ഏഴു മണി മുതൽ വൈകീട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ് സമയം. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പടെ 595 തദ്ദേശ സ്ഥാപനങ്ങളിലായി 11,168 വാര്‍ഡുകളിലേയ്ക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ്. 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 1.32 കോടിയലധികം വോട്ടര്‍മാര്‍ക്കായി 15432 പോളിങ് സ്റ്റേഷനുകളുണ്ട്. 480 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക്. ഇവിടങ്ങളിൽ പ്രത്യേക പൊലീസ് സുരക്ഷയും വെബ് കാസ്റ്റിങ്ങും വീഡിയോ ഗ്രാഫിയും ഉണ്ടാകും. ജില്ലകളിൽ ഇന്ന് പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഴ് ജില്ലകളില്ലും മുമ്പെങ്ങും കാണാത്തവിധം പ്രചാരണത്തില്‍ ആളും ആരവവും ആവേശവും പ്രകടമായിരുന്നു. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടും അധികാരം തിരിച്ചു പിടിക്കാനും അട്ടിമറിക്കാനുമായി സ്ഥാനാര്‍ഥികളും മുന്നണികളും കളം നിറഞ്ഞതോടെ ഗോദയില്‍ വികസനം മുതല്‍ അഴിമതി വരെ ചര്‍ച്ചയായി. ശബരിമല സ്വര്‍ണകൊള്ള ചര്‍ച്ചയാക്കുന്നതിനിടെ അപ്രതീക്ഷിതമായി ഉയര്‍ന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തിരിച്ചടി ആകില്ലന്നാണ് യു ഡി എഫ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പറേഷനുകളിലുള്‍പ്പെടെ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ ഡി എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കനത്ത തിക്രോണ മത്സരം നടക്കുന്ന തിരുവനന്തപുരം ഇക്കുറി പ്രവചനാതീതമാണ്. സി പി എമ്മിനും ബി ജെ പിക്കും കോണ്‍ഗ്രസിനുമായി പ്രമുഖര്‍ രംഗത്തിറങ്ങിയതോടെ വലിയ വീറും വാശിയുമാണ് പ്രകടമായത്.

പൊതു അവധി

അതേസമയം  ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് ഇന്ന് അവധി ആയിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച ആയിരിക്കും പൊതു അവധി. അതായത് ഡിസംബർ 11 ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

More Stories from this section

family-dental
witywide