കേരളത്തിലേക്കുള്ള ടാറ്റ നഗർ – എറണാകുളം എക്സ്പ്രസ് ട്രെയിനിൻ്റെ കോച്ചുകൾക്ക്ആന്ധ്രാപ്രദേശിൽ വെച്ച് തീപിടുത്തം. എറണാകുളത്തേക്കുള്ള യാത്രക്കിടെയാണ് ട്രെയിനിൽ തീപിടിത്തം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. 70 വയസുള്ള യാത്രക്കാരനാണ് മരിച്ചത്.
പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപമാണ് അപകടം സംഭവിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.
നിരവധി മലയാളി യാത്രക്കാരുള്ള ടാറ്റ നഗർ – എറണാകുളം എക്സ്പ്രസിന്റെ B1, M1 എന്നി രണ്ട് കൊച്ചുകൾക്കാണ് തീപ്പിടിച്ചത്. തീപിടിത്തം ഉണ്ടായ രണ്ട് കോച്ചുകളും പൂർണമായി കത്തി നശിച്ചു. പുലർച്ചെ ഒരു മണിക്കാണ് തീപിടുത്തം ഉണ്ടായതെന്നും B1 കോച്ചിൽ വാഷ്‌ബേയ്സണിനടുത്ത് കൂട്ടിയിട്ടിരുന്ന തുണി കെട്ടുകളിൽ തീപിടിച്ച് പടരുകയായിരുന്നുവെന്നും യാത്രക്കാരനായ അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രണ്ട് കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തി. യാത്രക്കാരെ നിലവിലുള്ള സ്റ്റേഷനിൽ നിന്ന് സമീപത്തുള്ള മറ്റൊരു സ്റ്റേഷനിലേക്ക് ബസുകളിൽ എത്തിച്ച് മറ്റൊരു ട്രെയിൻ ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
Kerala-bound train catches fire in Andhra Pradesh; One died














