തലസ്ഥാനത്തെ നടുക്കി കേരള കഫെ ഹോട്ടൽ ഉടമയുടെ കൊലപാതകം, മൃതദേഹം പായയിൽ മൂടിയ നിലയിൽ; പ്രതികളെ സാഹസികമായി പിടികൂടി, 4 പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി ഇടപ്പഴിഞ്ഞിയിലെ പ്രശസ്തമായ കേരള കഫേ ഹോട്ടൽ ഉടമയുടെ കൊലപാതകം. കേരള കഫെയുടെ സഹഉടമയുടെ മൃതദേഹം കണ്ടെത്തിയത് ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ കിടക്കപ്പായ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു. വൈകുന്നേരമായിട്ടും ജസ്റ്റിൻ രാജ് (60) ഹോട്ടലിൽ എത്താത്തിനെ തുടർന്ന് ജീവനക്കാരും സുഹൃത്തുക്കളും നടത്തിയ തെരച്ചിലിലാണ് ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരായ നേപ്പാൾ സ്വദേശി ഡേവിഡ്, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെ അടിമലത്തുറയിൽ നിന്നും പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. പ്രതികളുടെ ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.