
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ക്ഷേമപദ്ധതികൾ വാരിക്കോരി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകളടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാക്കുമെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. നിലവിൽ യാതൊരു സഹായവും ലഭിക്കാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ‘സ്ത്രീ സുരക്ഷ പെൻഷൻ’ നൽകുമെന്നും വാർത്തയിൽ പറയുന്നു.
വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള യുവാക്കൾക്ക് മാസം 1000 രൂപ സ്കോളർഷിപ് പ്രഖ്യാപിച്ചു. ക്ഷേമപെൻഷൻ 400 രൂപ വർധിപ്പിച്ച് 2000 രൂപയാക്കി. കുടുംബ എഡിഎസുകൾക്കുള്ള ഗ്രാന്റ് മാസം 1000 രൂപയാക്കി ഉയർത്തി. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ വർധിപ്പിച്ചു നൽകും.
അംഗനവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഓണറേറിയം 1000 രൂപ വീതം കൂട്ടി. സാക്ഷരതാ പ്രേരകർക്കും ആശാ വർക്കർമാർക്കും പ്രതിമാസം 1000 രൂപ അധികം നൽകും. ആയമാർക്ക് വേതനം 1000 രൂപ വർധിപ്പിച്ചു. നെല്ലിന്റെ സംഭരണവില കിലോയ്ക്ക് 30 രൂപയാക്കി ഉയർത്തി. നവംബറിൽ തന്നെ പെൻഷനുകൾ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.















